സംസ്ഥാനത്തെ നടുക്കിയ പെരുമൺ ട്രെയിൻ ദുരന്തം നടന്നിട്ട് ഇന്ന് 38 വർഷം പൂർത്തിയാകുന്നു. 1988 ജൂലൈ എട്ട് എന്ന കറുത്ത ദിനത്തിലാണ് ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് പാളം തെറ്റി മറിഞ്ഞത്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തീവണ്ടി അപകടങ്ങളിലൊന്നായി മാറിയ ഈ ദുരന്തത്തിൽ യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേർക്കാണ് ജീവൻ നഷ്ടമായത്. നൂറുകണക്കിനാളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവർ ജീവിതകാലം മുഴുവൻ നീളുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്തു.
ദുരന്തത്തിന് കാരണമായി റെയിൽവേ ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയത് ചുഴലിക്കാറ്റിനെ (ടൊർണാഡോ) ആയിരുന്നു. എന്നാൽ, അത്തരമൊരു പ്രതിഭാസം അന്ന് അവിടെ സംഭവിച്ചിരുന്നോ എന്ന സംശയം ഇന്നും പൊതുസമൂഹത്തിലും ദുരന്തത്തെ അതിജീവിച്ചവർക്കിടയിലും നിലനിൽക്കുന്നുണ്ട്.
സംഭവത്തിൽ ഒട്ടേറെ അന്വേഷണങ്ങൾ നടന്നെങ്കിലും റെയിൽവേ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. നീണ്ട
വർഷങ്ങൾക്ക് ശേഷം, 2013-ൽ തേവള്ളി സ്വദേശിയായ ഒരു അഭിഭാഷകൻ വീണ്ടും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കോടതി ഇതിനായി ഉത്തരവിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ഒടുവിൽ, അപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കി 2019-ൽ പൊലീസ് അന്വേഷണവും അവസാനിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്നെങ്കിലും വെളിപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ഓരോ വർഷവും ബന്ധുക്കളും പരിക്കേറ്റവരും പെരുമൺ സ്മൃതി മണ്ഡപത്തിൽ ഒത്തുചേരുന്നത്.
ഇന്നത്തെ അനുസ്മരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി.
ഷാജി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

