മേപ്പാടിയിലെ മീനാക്ഷിമലയിൽ ഉണ്ടായ അപ്രതീക്ഷിത ഉരുൾപൊട്ടൽ പ്രദേശവാസികളെ കടുത്ത ആശങ്കയിലും ദുഃഖത്തിലുമാണ് ആഴ്ത്തിയിരിക്കുന്നത്. പുത്തുമലയുടെയും ചൂരൽമലയുടെയും മുറിവുകൾ ഉണങ്ങും മുൻപേ വന്നെത്തിയ ഈ പ്രകൃതിദുരന്തം മേപ്പാടി നിവാസികളെ വീണ്ടും ഭീതിയിലാക്കി.
ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സഹദ് ആ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: ‘ആ സമയം വീടിനുള്ളിലായിരുന്നു.
വലിയൊരു ഒച്ച കേട്ടു. പുറത്തേക്ക് നോക്കിയപ്പോൾ റോഡിലൂടെ വാഹനങ്ങൾ പിറകോട്ട് വരുന്നത് കണ്ടു, പെട്ടെന്ന് ചെളിയും വെള്ളവും വീട്ടിലേക്ക് ഒഴുകിയെത്തി, കണ്ണടച്ചു തുറക്കും മുൻപേ വീടിന്റെ പകുതിയോളം മണ്ണടിഞ്ഞു കൂടി, ഉടൻ അടുക്കള വാതിലിലൂടെ ഭാര്യയെയും മകനെയും കൂട്ടി പുറത്തിറങ്ങി ഓടി’.
മീനാക്ഷിപ്പാലത്തിന് തൊട്ടടുത്തുള്ള അഷ്റഫിന്റെ വീട്ടിലാണ് സഹദ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ കനത്ത മഴയ്ക്കിടയിലാണ് ദുരന്തം സംഭവിച്ചത്.
വീടിന്റെ മുൻവശത്തുകൂടി മണ്ണും ചെളിയും ഇരച്ചുകയറിയപ്പോൾ അടുക്കള വാതിലിലൂടെ പുറത്തിറങ്ങി റോഡിലേക്ക് ഓടിക്കയറിയാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നിർമ്മാണത്തിലിരിക്കുന്ന തുരങ്കപാത പദ്ധതിക്കായി എത്തിച്ചിരുന്ന ഹിറ്റാച്ചി യന്ത്രം വരെ മണ്ണിടിച്ചിലിൽ ഒലിച്ചു വന്ന് വീടിനുള്ളിലേക്ക് ഇടിച്ചുകയറിയ അവസ്ഥയിലായിരുന്നു.
വീടിന്റെ സമീപത്തുനിന്നും ഒരു മൃതദേഹം കണ്ടെടുത്തത് സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ദുരന്തത്തിന്റെ നിമിഷങ്ങൾ
ചൊവ്വാഴ്ച രാവിലെ 11.14 ഓടെയാണ് വലിയ ശബ്ദത്തോടെ മീനാക്ഷിമലയിൽ നിന്ന് മണ്ണ് ഇടിഞ്ഞു തുടങ്ങിയത്.
തൊട്ടുമുമ്പത്തെ മിനിറ്റുകളിൽ ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി ബസ് ഈ വഴി കടന്നുപോയിരുന്നു. മൺകൂന സുനാമി പോലെ ഇരച്ചെത്തിയതോടെ റോഡിലുണ്ടായിരുന്ന വാഹനങ്ങളും മനുഷ്യരും ഒലിച്ചുപോയി.
നിർമ്മാണക്കമ്പനിയുടെ ടാങ്കർ ലോറി ഉൾപ്പെടെയുള്ളവ മണ്ണിന്റെ ശക്തിയിൽ പാലത്തിനക്കരേക്ക് നീങ്ങി. തേയിലത്തോട്ടങ്ങളിലൂടെ കുന്നിൻമുകളിലേക്ക് ഓടിക്കയറിയാണ് പലരും ജീവൻ രക്ഷിച്ചത്.
തുടരുന്ന ആശങ്ക
തുരങ്കപാത നിർമ്മാണ മേഖലയിൽ നേരത്തെ തന്നെ മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ വലിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്.
മേപ്പാടി-ചൂരൽമല പാതയിൽ ആംബുലൻസുകളുടെയും ടിപ്പർ ലോറികളുടെയും സാന്നിധ്യം വീണ്ടും ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ നാട്ടുകാരിൽ ഉണർത്തുന്നു. രാത്രി എട്ട് മണിയോടെ പാലത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

