തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എംവി ജയരാജനെതിരെ ശക്തമായ വിമർശനം. പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ വിമത നേതാക്കളെ തിരികെ വിളിക്കാൻ നടത്തിയ നീക്കങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് എന്തിന് വഴിയൊരുക്കി എന്ന് സെക്രട്ടേറിയറ്റംഗങ്ങൾ ചോദിച്ചു. ഇതിനെത്തുടർന്ന് താൻ വരുത്തിയത് വീഴ്ചയാണെന്ന് എംവി ജയരാജൻ യോഗത്തിൽ സമ്മതിച്ചു.
ജയരാജൻ തുടക്കമിട്ട ഈ വിഷയത്തിൽ മുൻകൈയെടുത്ത് മുന്നോട്ട് പോയതിന് എംവി ഗോവിന്ദനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
എന്നാൽ, നടന്ന ചർച്ചകളിലോ വിമർശനങ്ങളിലോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. നേരത്തെ, തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന് എംവി ജയരാജൻ പ്രസ്താവിച്ചിരുന്നു.
നയപരമായ തെറ്റുകൾ സംഭവിച്ചതുകൊണ്ട് ആരെയും ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും, പയ്യന്നൂരിലെ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ രംഗത്തെത്തി.
“താൻ ചെയ്ത തെറ്റ് എന്തെന്ന് ജയരാജൻ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂ” എന്ന് അദ്ദേഹം തുറന്നടിച്ചു.
താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മകളാണ് പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് കാരണമെന്ന് ജയരാജൻ ആവർത്തിച്ചു.
പയ്യന്നൂരിലെ സാഹചര്യം തളിപ്പറമ്പിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വിലയിരുത്തി. കൂടാതെ, ടി കെ ഗോവിന്ദനെ വീട്ടിൽ സ്വീകരിച്ച വിഷയത്തിൽ വിനോദിനിയെയും എംവി ജയരാജൻ വിമർശിച്ചു.
ഒരാൾ വീട്ടിൽ വന്നാൽ പുറത്താക്കാൻ കഴിയില്ലെങ്കിലും, അവരെ സ്വീകരിച്ച് ആനയിച്ചത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

