ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ യുഎസ് താരം ഫോളറിന് ബലോഗന്റെ സസ്പെൻഷൻ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് റദ്ദാക്കിയ സംഭവം കായിക ലോകത്ത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം ചൂണ്ടിക്കാട്ടി ബലോഗന്റെ ഓട്ടോമാറ്റിക് സസ്പെൻഷൻ പ്രൊബേഷണറി കാലയളവിലേക്ക് മാറ്റിവെക്കുന്നതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
ഇതോടെ, ഇന്ന് നടക്കുന്ന ബെൽജിയം-യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം കളത്തിലിറങ്ങുമെന്ന് ഉറപ്പായി. ഈ തീരുമാനത്തിനെതിരെ കായിക വിദഗ്ധരും മുൻ താരങ്ങളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
ഫുട്ബോളിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് ഫിഫയുടെ നിലപാടെന്ന് മുൻ ഇംഗ്ലണ്ട് സൂപ്പർതാരം വെയ്ൻ റൂണി തുറന്നടിച്ചു. ഇത്തരം നടപടികൾ മത്സരത്തിന്റെ സ്പോർട്സ്മാൻഷിപ്പിനെ തകർക്കുമെന്നും, താൻ എതിർ ടീമിലെ താരമായിരുന്നെങ്കിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമായിരുന്നുവെന്നും റൂണി വ്യക്തമാക്കി.
“ഒരു ഇംഗ്ലണ്ട് കളിക്കാരനോ മെക്സിക്കൻ കളിക്കാരനോ ആണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചാൽ, അടുത്ത മത്സരം കളിക്കാനാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? അത് എവിടെയാണ് അവസാനിക്കുന്നത്” എന്ന് റൂണി ചോദിക്കുന്നു. നേരത്തെ, മുൻ ഇംഗ്ലണ്ട് താരം ഗാരി നെവിലും ഫിഫയുടെ ഈ നടപടിയെ അപമാനകരം എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.
മത്സര പശ്ചാത്തലം നാളെ പുലർച്ചെ 6.30-നാണ് നിർണ്ണായകമായ യുഎസ്-ബെൽജിയം മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുഎസ്, ബോസ്നിയയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നോക്കൗട്ടിൽ എത്തിയത്.
ടീമിന്റെ പ്രധാന ഗോൾ വേട്ടക്കാരനായ ഫോളറിന് ബലോഗൻ ബോസ്നിയക്കെതിരായ മത്സരത്തിന്റെ 45-ാം മിനിറ്റിൽ ഗോൾ നേടിയിരുന്നെങ്കിലും, രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് ലഭിച്ച് പുറത്താവുകയായിരുന്നു. മറുഭാഗത്ത്, ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ ഈജിപ്തിനോടും ഇറാനോടും സമനില വഴങ്ങിയെങ്കിലും, ന്യൂസിലൻഡിനെതിരെ അഞ്ച് ഗോളുകൾ അടിച്ചുകൂട്ടിയാണ് ഫോമിലേക്ക് മടങ്ങിയത്.
സെനഗലിനെ 3-2 എന്ന സ്കോറിന് തോൽപ്പിച്ചാണ് ബെൽജിയം പ്രീ ക്വാർട്ടർ യോഗ്യത നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

