നെടുങ്കണ്ടം മേഖലയിലെ നിർമാണ സാമഗ്രികളുടെ വിതരണ ശൃംഖല കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട് സർക്കാർ പാറമടകൾക്ക് നൽകിയിരുന്ന പാസുകൾ താൽക്കാലികമായി നിർത്തിവെച്ചതോടെ ഹൈറേഞ്ചിലെ ക്രഷർ യൂണിറ്റുകളും യാഡുകളും പ്രവർത്തനരഹിതമായി.
തമിഴ്നാട്ടിലെ ക്വാറികളിൽ നിലവിൽ നടക്കുന്ന കോണ്ടൂർ, ഡ്രോൺ സർവേകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി പാസ് വിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. സർവേ നടപടികൾ പൂർത്തിയാക്കി പാസ് വിതരണം പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് സൂചന.
ഹൈറേഞ്ചിലെ നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാറമണൽ, മെറ്റൽ തുടങ്ങിയ സാമഗ്രികൾ പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാട്ടിലെ ക്വാറികളെയാണ്. വൻതോതിൽ ടോറസ് ലോറികളിൽ ഇവ എത്തിച്ച് ചില്ലറ വിൽപന നടത്തിയിരുന്ന ഒട്ടേറെ യാഡ് സംരംഭങ്ങൾ ഇതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ഹൈറേഞ്ചിൽ പ്രാദേശികമായി പാറമടകളുടെ പ്രവർത്തനം പരിമിതമായതിനാൽ, നിലവിലെ സാഹചര്യത്തിൽ ലോറേഞ്ചിൽ നിന്നുള്ള ഉൽപന്നങ്ങളെ മാത്രമാണ് വ്യാപാരികൾക്ക് ആശ്രയിക്കാൻ കഴിയുന്നത്. എന്നാൽ, ദൂരസ്ഥലങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ എത്തിക്കുമ്പോൾ ഉണ്ടാകുന്ന അധിക ഗതാഗതച്ചെലവ് നിർമാണ മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
ഇതിനു പുറമെ വിപണിയിലുണ്ടായ രൂക്ഷമായ ക്ഷാമം നിർമാണ പ്രവർത്തനങ്ങളെയും അവതാളത്തിലാക്കി. ഹൈറേഞ്ചിലെ ഖനന മേഖല ദീർഘകാലമായി നിയമക്കുരുക്കുകളിലാണ്.
ഒട്ടേറെ ക്വാറികൾ പ്രവർത്തിച്ചിരുന്ന ഹൈറേഞ്ചിൽ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രവർത്തനക്ഷമമായുള്ളത്. നദികളിൽ നിന്നുള്ള മണൽ വാരൽ നിരോധിച്ചതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
പാരിസ്ഥിതിക ആഘാത പഠനം നടത്തി, നിയന്ത്രിതമായി പാറ-മണൽ ഖനനത്തിന് അനുമതി നൽകിയാൽ മാത്രമേ ഹൈറേഞ്ചിലെ നിർമാണ മേഖലയ്ക്ക് ഉണർവ് ലഭിക്കൂ എന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

