പ്രതിരോധ നിർമാണ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങി അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. ദക്ഷിണേഷ്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 2500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
അദാനി എന്റർപ്രൈസസിന് കീഴിലുള്ള ഈ സംരംഭത്തിന്റെ തറക്കല്ലിടൽ ചടങ്ങ് മധ്യപ്രദേശിലെ ശിവപുരിയിൽ അടുത്തിടെ പൂർത്തിയായി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്ന ഈ പദ്ധതിയിലൂടെ 5000-ത്തോളം വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
അമ്പതിലധികം വരുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭങ്ങൾക്ക് (MSME) ഉണർവേകാനും ഈ കേന്ദ്രത്തിന് സാധിക്കും. ആധുനിക സാങ്കേതിക വിദ്യകളും ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരിക്കും മിസൈൽ നിർമാണം.
ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം, ഭാവിയിൽ മിസൈലുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു. ഡിആർഡിഒ വികസിപ്പിക്കുന്ന തദ്ദേശീയ സാങ്കേതിക വിദ്യകൾ വ്യവസായിക തലത്തിൽ ഉൽപാദിപ്പിക്കാനും പരീക്ഷിക്കാനും ഈ കേന്ദ്രം വേദിയൊരുക്കും.
മധ്യ-ദീർഘദൂര മിസൈലുകൾക്ക് ആവശ്യമായ പ്രൊപ്പലന്റ്, സ്ഫോടക വസ്തുക്കൾ, ടിഎൻടി എന്നിവ ഒരൊറ്റ കുടക്കീഴിൽ നിർമിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ഇത്തരം സംവിധാനം ഇതാദ്യമാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ മിസൈൽ നിർമാണത്തിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്ന് അദാനി ഡിഫൻസ് ഡയറക്ടർ ജീത് അദാനി പറഞ്ഞു. 2020 മുതൽ പ്രതിരോധ രംഗത്ത് സജീവമായ അദാനി ഡിഫൻസ്, നേരത്തെ തന്നെ ഗ്വാളിയോറിൽ ആയുധ നിർമാണ കേന്ദ്രം ആരംഭിച്ചിരുന്നു.
ഇവിടെ നിർമിക്കുന്ന ലൈറ്റ് മെഷിൻ ഗൺ, പിസ്റ്റൾ, റൈഫിൾ തുടങ്ങിയവ ഇന്ത്യൻ സൈന്യം നിലവിൽ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ചാഞ്ചാട്ടം തുടരുകയാണ്.
3230 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി പിന്നീട് 3187 രൂപയിലേക്ക് താഴ്ന്ന ശേഷം വിപണിയിൽ ഏറ്റക്കുറച്ചിലുകൾ നേരിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

