തൊഴിൽ മേഖലയിൽ ദശാബ്ദങ്ങളോളം ഒരേ സ്ഥാപനത്തിൽ തുടരുന്ന പതിവ് ശൈലിയിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് ഇന്നത്തെ യുവതലമുറ. സ്ഥിരമായ ഒരു ജോലി എന്ന സങ്കൽപ്പം മാറി, ഒന്നിലധികം വരുമാന മാർഗങ്ങൾ ഒരേസമയം കണ്ടെത്തുന്ന രീതിയിലേക്ക് യുവാക്കൾ മാറിക്കഴിഞ്ഞു.
ഇതിനൊരു മികച്ച ഉദാഹരണമാണ് ജാൻകി വിനോദ്. പാലക്കാട് ആലത്തൂർ സ്വദേശികളായ തപസ്യ വിനോദ്കുമാർ – രജനി ദമ്പതികളുടെ മകളായ ജാൻകി ചാർട്ടേഡ് അക്കൗണ്ടന്റാണ്.
ഉച്ചവരെ സ്വന്തം കൺസൽറ്റൻസിയിൽ ഓൺലൈനായി ജോലി ചെയ്യുന്ന ജാൻകി, വൈകിട്ട് നാടകപ്രവർത്തനങ്ങളിലും സജീവമാണ്. കലാനിലയത്തിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം വിവിധ ജ്വല്ലറികളുടെ പരസ്യങ്ങളിൽ മോഡലായും ഇവർ തിളങ്ങുന്നു.
കഴിഞ്ഞ ഏപ്രിലിലും മേയിലും കോഴിക്കോട് അരങ്ങേറിയ കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകത്തിൽ പ്രധാന വേഷത്തിലും ജാൻകി എത്തിയിരുന്നു. മാറുന്ന തൊഴിൽ സംസ്കാരം ഒരേ സ്ഥാപനത്തിൽ വർഷങ്ങളോളം ജോലി ചെയ്യുന്നത് പുതിയ തലമുറയ്ക്ക് താൽപ്പര്യമില്ലാത്ത കാര്യമായി മാറിയിരിക്കുന്നു.
‘പേപ്പർ ഇടുക’ എന്ന പേരിൽ രാജിവയ്ക്കുന്ന പ്രവണത ഇന്ന് സർവസാധാരണമാണ്. ഒന്നര വർഷത്തിൽ കൂടുതൽ ഒരു സ്ഥാപനത്തിൽ തുടർന്നാൽ പോലും അതിശയിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
ചിലർ പ്രോജക്റ്റ് അടിസ്ഥാനത്തിൽ മാത്രം ജോലി ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, മറ്റുചിലർ മാസങ്ങൾ മാത്രം ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് തൊഴിൽ മേഖലയിൽ വൈവിധ്യം തേടുന്നു. സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പഠനം 2000-ത്തിന് ശേഷം ജനിച്ച തലമുറ തങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്താൻ മുൻഗണന നൽകുന്നു.
എം.ബി.ബി.എസ്, ബി.ടെക് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്കൊപ്പം എ.ഐ ടെക്നോളജി, ഡിസൈനിങ്, ഫിലിം മേക്കിങ് തുടങ്ങിയ മേഖലകളിലും ഇവർ വൈദഗ്ധ്യം നേടുന്നു. പഠനശേഷം വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്ത് ലഭിക്കുന്ന തുകയിൽ ഒരു വിഹിതം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി നൽകാനും ഈ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട്.
രക്ഷിതാക്കളുടെ കാഴ്ചപ്പാടിലെ മാറ്റം മലബാറിലെ കുടുംബങ്ങളിൽ പണ്ട് കാലത്ത് കുട്ടികൾ പുറത്ത് ജോലിക്ക് പോകുന്നത് മാന്യമായി കണ്ടിരുന്നില്ല. എന്നാൽ, ഇന്ന് സ്ഥിതി മാറി.
സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന മക്കളെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കളും തയാറാണ്. ഹാപ്പി കപ്പ്, ബൺ ബോയ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ ഹരിദാസ് നമ്പ്യാർ ഈ മാറ്റത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “പാർട് ടൈമായി ജോലി ചെയ്യാൻ കുട്ടികൾ മുന്നോട്ടു വരുന്നുവെന്നത് വലിയ കാര്യമാണ്.
സ്വന്തം വിദ്യാഭ്യാസച്ചെലവ് സ്വയം കണ്ടെത്താൻ അവർക്കു കഴിയുന്നുണ്ട്. മെഡിക്കൽ കോളജിൽ എംബിബിഎസ്സിനു പഠിക്കുന്ന കുട്ടികൾ ഞങ്ങളുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്.
ചാർട്ടേഡ് അക്കൗണ്ടന്റ്സി പഠിക്കുന്ന കുട്ടിയും വന്നു ജോലി ചെയ്യുന്നുണ്ട്. പുതിയ തലമുറയിലെ ഒരു വിഭാഗം കുട്ടികൾ ഏതു ജോലിയും ചെയ്യാൻ തയാറാണ്.” സാങ്കേതികവിദ്യയും മാറുന്ന ട്രെൻഡും കോവിഡിനു ശേഷമുള്ള കാലഘട്ടം തൊഴിൽ ലോകത്തിന്റെ അതിർത്തികൾ മായ്ച്ചു കളഞ്ഞു.
കേരളത്തിൽ മൾട്ടി നാഷണൽ ബ്രാൻഡുകൾ സജീവമായതോടെ തൊഴിൽ സമയങ്ങളിലും രീതികളിലും വലിയ മാറ്റങ്ങളാണ് വന്നത്. ഇതാണ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പഠനത്തിനൊപ്പം വരുമാനം കണ്ടെത്താനുള്ള പുതിയ അവസരങ്ങൾ തുറന്നു നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

