ആലപ്പുഴ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി പരാതി. ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി പ്രായം പത്തു വർഷത്തോളം കുറച്ചു കാണിച്ചുവെന്നാണ് ആക്ഷേപം.
ഇതിലൂടെ വിരമിക്കൽ തീയതി 2037 വരെ നീട്ടിക്കിട്ടാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.
2005 ജൂലൈ മാസത്തിലാണ് ഇദ്ദേഹം എൽഡി ക്ലാർക്കായി ഔദ്യോഗിക സേവനത്തിൽ പ്രവേശിച്ചത്. അന്ന് പിഎസ്സി ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമന ശുപാർശ പ്രകാരം ഇദ്ദേഹത്തിന്റെ ജനനവർഷം 1971 ആയിരുന്നു.
ഈ കണക്കുപ്രകാരം അടുത്ത വർഷം വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ് ഇയാൾ.
എന്നാൽ, 2009-ൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സീനിയോറിറ്റി പട്ടികയിൽ ജനനവർഷം 1981 ആയി തിരുത്തപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിലും ഇതേ തിരുത്തിയ തീയതിയാണ് രേഖകളിൽ തുടർന്നുപോന്നത്.
2021-ൽ സീനിയർ ക്ലാർക്കുമാരുടെ പട്ടികയിലും, 2025-ൽ ജൂനിയർ സൂപ്രണ്ടുമാരുടെ സീനിയോറിറ്റി പട്ടികയിലും ജനനവർഷം 1981 എന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വൈരുധ്യം ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് കൃത്രിമ രേഖകൾ ചമച്ചെന്ന മറ്റൊരു പരാതിയിൽ നേരത്തെ തന്നെ അന്വേഷണം നടന്നുവരികയാണ്. ഇതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിലും തിരിമറി നടന്നെന്ന വാർത്ത വകുപ്പിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

