ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തി. ഔദ്യോഗിക രേഖകൾ പ്രകാരം 1971-ൽ ജനിച്ച ഉദ്യോഗസ്ഥന്റെ ജനനവർഷം, പിന്നീട് സീനിയോറിറ്റി പട്ടികയിൽ 1981 എന്ന് മാറ്റം വരുത്തിയതായാണ് വിവരം.
വെറും നാല് വർഷത്തെ ഇടവേളയിൽ പത്ത് വയസ്സ് കുറഞ്ഞ രീതിയിൽ രേഖകൾ തിരുത്തിയത് സർവീസിൽ കൂടുതൽ കാലം തുടരാനാണെന്ന സംശയമാണ് ഉയരുന്നത്. 2005 ജൂലൈയിൽ എൽഡി ക്ലാർക്കായി സർവീസിൽ പ്രവേശിച്ച ഉദ്യോഗസ്ഥന്റെ ജനനവർഷം പിഎസ്സി പ്രസിദ്ധീകരിച്ച ഗസറ്റിൽ 1971 എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, 2009-ൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സീനിയോറിറ്റി പട്ടികയിൽ ഇത് 1981 ആയി മാറി. തുടർന്നുള്ള വർഷങ്ങളിൽ, അതായത് 2021-ലെ സീനിയർ ക്ലാർക്കുമാരുടെ പട്ടികയിലും, 2025-ൽ ജൂനിയർ സൂപ്രണ്ടുമാരുടെ പട്ടികയിലും 1981 എന്നത് തന്നെ തുടരുകയും ചെയ്തു.
യഥാർത്ഥ രേഖകൾ പ്രകാരം അടുത്ത വർഷം സർവീസിൽ നിന്ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ്, തിരുത്തിയ തീയതി പ്രകാരം 2037 വരെ സർവീസ് ലഭിക്കാൻ സാധ്യതയുള്ളത്.
ഈ വിഷയം ഗൗരവകരമായി കണ്ട സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സർവീസ് കാലാവധി അനധികൃതമായി നീട്ടാൻ കൃത്രിമ രേഖകൾ ചമച്ചതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ക്രമക്കേടുകൾ നടക്കുന്നതായുള്ള പരാതികൾ നിലനിൽക്കെയാണ് ഈ പുതിയ സംഭവവും പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

