മുംബൈ നഗരത്തിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് തിങ്കളാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. സർക്കാർ, മുനിസിപ്പൽ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
നഗരത്തിൽ തിങ്കളാഴ്ചയും അതിശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചതെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) വ്യക്തമാക്കി.
എന്നാൽ, സർക്കാർ, സ്വകാര്യ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 200 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ മഴയുടെ അളവ് 300 മില്ലിമീറ്റർ കടന്നു.
തുടർച്ചയായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴക്കെടുതികളിൽ ഇതുവരെ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.
ഞായറാഴ്ച കുർല വെസ്റ്റിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ 63 വയസ്സുകാരനായ യൂനുസ് കുന്ദവാല മരണപ്പെട്ടു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഛത്രപതി ശിവാജി വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ച രാവിലെ ഒരു മണിക്കൂറോളം നിർത്തിവെച്ചിരുന്നു.
ഇത് വിമാന സർവീസുകളെ സാരമായി ബാധിച്ചു. നാല് ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കുകയും 13 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ വഴിതിരിച്ചുവിട്ട വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്തു.
സഹായങ്ങൾക്കായി 1916 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അതേസമയം, മഴക്കാല മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടുവെന്നാരോപിച്ച് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

