പത്തനംതിട്ടയിൽ വലിയ ചർച്ചയായ പോക്സോ കേസ് വ്യാജമെന്ന് തെളിഞ്ഞു. പതിമൂന്നുകാരിയായ പെൺകുട്ടി നൽകിയ പരാതിക്ക് പിന്നിൽ പ്രണയനൈരാശ്യമാണെന്നാണ് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
സഹപാഠികൾ ഉൾപ്പെടെ പത്തോളം പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. എന്നാൽ ശാസ്ത്രീയമായ വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കേസിലെ സത്യാവസ്ഥ പുറത്തായത്.
പീഡനം നടന്നതിൻ്റെ യാതൊരുവിധ ശാരീരിക തെളിവുകളും കണ്ടെത്താൻ സാധിക്കാതിരുന്നതോടെ അന്വേഷണസംഘം പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കെട്ടിച്ചമച്ച കഥയുടെ ചുരുളഴിഞ്ഞത്.
തനിക്കെതിരെ ആരും അതിക്രമം നടത്തിയിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മജിസ്ട്രേറ്റിന് മുൻപാകെയും സമ്മതിച്ചു. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ആറു പേരെയും പോലീസ് ഉടനടി വിട്ടയച്ചു.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന പെൺകുട്ടിയുടെ ഒരു സഹപാഠി അടക്കമുള്ള മുഴുവൻ ആളുകളെയും കേസിൽ നിന്നും ഒഴിവാക്കാനുള്ള നിയമനടപടികളിലേക്ക് പോലീസ് കടന്നിരിക്കുകയാണ്. കേസ് കോടതിയിൽ തള്ളുന്നതിന് മുൻപായി, പ്രണയനൈരാശ്യം മാത്രമാണോ ഇത്രയും വലിയ വ്യാജ പരാതിക്ക് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതരമായ കസ്റ്റഡി മർദ്ദന ആരോപണവും ഉയർന്നിട്ടുണ്ട്. ഹൃദ്രോഗിയായ ഒരു ഇരുപതുകാരനെ കൂടൽ പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
ആദ്യം ആളുമാറി തൻ്റെ സഹോദരനെയാണ് പോലീസ് കൊണ്ടുപോയതെന്നും പിന്നീട് തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ കൂടൽ പോലീസ് പൂർണ്ണമായും നിഷേധിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

