കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് വിതരണം നടത്തിവന്ന എട്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പാലാഴി ഹൈലൈറ്റ് മാളിന് സമീപം പാൽക്കമ്പനി ഹൈസ്കൂൾ റോഡിലുള്ള വാടക വീട്ടിൽ നിന്നാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. സഹദേവൻ എന്നയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതികൾ.
പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു. കൂടാതെ, ലഹരിമരുന്ന് വിൽപനയ്ക്കായി ഉപയോഗിക്കുന്ന ഒൻപത് സിപ്പ് ലോക്ക് കവറുകൾ, 124 ചെറിയ ബോട്ടിലുകൾ, മൂന്ന് ബർണർ പൈപ്പുകൾ എന്നിവയും പിടിച്ചെടുത്തു.
ലഹരി വിൽപനയിലൂടെ ലഭിച്ച 88,000 രൂപയും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഈ പണം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് ഇവർ ചെലവഴിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അറസ്റ്റിലായവരിൽ പ്രധാനികളായ ചിലർക്ക് മുൻപും ക്രിമിനൽ കേസുകളുണ്ട്. മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ്, വെള്ളയിൽ പോലീസ് സ്റ്റേഷനുകളിൽ ആക്രമണത്തിനും വാഹനത്തിന് തീയിട്ടതിനും പ്രതിയാണ്.
മുഹമ്മദിനെതിരെ (30) ടൗൺ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന് ഉപയോഗിച്ചതിനും എംഡിഎംഎ കൈവശം വെച്ചതിനും കേസുകളുണ്ട്. ദിയ മുഹമ്മദ് ബഹ്ബഹാനി (22) ടൗൺ പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ ഉൾപ്പെട്ടയാളാണ്.
ഇവർക്ക് പുറമെ ലൂദ്ഫാൻ അലി (22), ജിഫ്രി അൽഹാസ് (22), മുഹമ്മദ് റഷ്ദാൻ (22), മുഹമ്മദ് നാസ് (24), മുഹമ്മദ് അൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

