ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിനിടെ സ്ക്രീനിൽ അഡൾട്ട് പരസ്യം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ കീർത്തി ആസാദ് രംഗത്തെത്തി.
വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, ഇക്കാര്യത്തിൽ ബിസിസിഐ അടിയന്തരമായി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് കീർത്തി ആസാദ് എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: ‘‘ഓൾഡ് ട്രഫോഡിൽ നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി20 മത്സരം കുട്ടികൾ തത്സമയം കാണുന്നതാണ്.
മത്സരത്തിനിടെ ‘അഡൾട്ട് പരസ്യം’ വരുന്നത് ലജ്ജാകരമല്ലേ? ബിസിസിഐ ഇത് ശ്രദ്ധിക്കണം’’ വാർത്താ ഏജൻസിയായ ഐഎൻഎസിനോട് സംസാരിക്കവേ അദ്ദേഹം തന്റെ അതൃപ്തി വ്യക്തമാക്കി. ഏകദേശം 44 കോടി ആളുകളാണ് മത്സരം കണ്ടുകൊണ്ടിരുന്നത്.
ഇതിൽ 16 വയസ്സിൽ താഴെയുള്ള ധാരാളം കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് കളി കണ്ടത്. മദ്യത്തിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങൾ നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ, ഇത്തരം ഒരു പരസ്യം അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് മത്സരം കാണുന്നത്. 16 വയസ്സിനു താഴെയുള്ള കുട്ടികളാണവർ.
ഈ രാജ്യത്ത് ക്രിക്കറ്റ് ഒരു മതം പോലെയാണ്. ഞാൻ മത്സരം കണ്ടുകൊണ്ടിരുന്നപ്പോൾ 44 കോടി ആളുകൾ അത് കാണുന്നുണ്ടായിരുന്നു.
അപ്പോഴാണ് മത്സരത്തിനിടയിൽ ‘അഡൾട്ട് പരസ്യം’ പ്രത്യക്ഷപ്പെട്ടത്. ഇത്തരം സമയത്ത് എങ്ങോട്ട് നോക്കണമെന്നറിയാതെ മാതാപിതാക്കൾ വിഷമിക്കുകയാണ്.
കുട്ടികൾക്ക് അത് മനസ്സിലാകുന്നില്ല. എന്താണതെന്ന് അവർ ചോദിക്കുന്നു.
ബിസിസിഐ ഇതിന് മറുപടി പറയണം. എങ്ങനെയാണ് അവർ ഇതൊക്കെ അനുവദിക്കുന്നത്? മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
അത് അങ്ങനെ തന്നെ വേണം. പിന്നെ എന്തുകൊണ്ട് ‘അഡൾട്ട് പരസ്യങ്ങൾ? അതും ഓവറുകൾക്കിടയിൽ’’– അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

