മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയരായ ജോഡികളായ സംവിധായകൻ പ്രിയദർശനും നടി ലിസിയും നീണ്ട 38 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.
ഒരു വാണിജ്യ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരേ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇവരുടെ മകളായ കല്യാണി പ്രിയദർശനും ഇതേ പരസ്യത്തിൽ അഭിനയിക്കുന്നുണ്ട് എന്നത് പ്രേക്ഷകർക്കിടയിൽ വലിയ കൗതുകമാണ് ഉണർത്തിയിരിക്കുന്നത്.
തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തിരിച്ചുവരവിനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പ് ലിസി പങ്കുവെച്ചത്. “പ്രിയേട്ടനൊപ്പം അവസാനം പ്രവർത്തിച്ചിട്ട് 38 വർഷമായിരിക്കുന്നു, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷത്തിലാണ്.
ഞങ്ങൾ അവസാനമായി ഒരുമിച്ച് വർക്ക് ചെയ്ത സിനിമ ‘ചിത്രം’ ആയിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, കല്യാൺ ജൂവലേഴ്സിന്റെ ഈ പരസ്യചിത്രത്തിൽ ഞാൻ എന്റെ മകൾ കല്യാണി പ്രിയദർശന്റെ ‘റീൽ’ അമ്മയായി എത്തുന്നു എന്നതാണ്.
പ്രിയേട്ടന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഭിലാഷ്, ഇത്രയും വർഷങ്ങൾക്ക് ശേഷം സെറ്റിൽ പരിഭ്രമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇല്ല എന്ന്. കാരണം, പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാർത്ഥത്തിൽ അറിയാം; എന്റെ മികച്ചതും മോശവുമായ മുഖഭാവങ്ങൾ വരെ അദ്ദേഹത്തിനറിയാം, എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയാം.
ഇത് കേട്ടപ്പോൾ പ്രിയേട്ടൻ തമാശയായി പറഞ്ഞു, ‘അവളുടെ നല്ലതും ചീത്തതുമായ സ്വഭാവങ്ങളും എനിക്കറിയാം’. സെറ്റിൽ എത്തിയപ്പോൾ എനിക്ക് നൊസ്റ്റാൾജിയ തോന്നി.
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് അടക്കിപ്പിടിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. മുഴുവൻ ഷൂട്ടും ഒരു ആഘോഷം പോലെയായിരുന്നു.
എന്റെ മനസ്സു നിറയെ പല വികാരങ്ങളാണ്. എന്റെ ജീവിതം ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കിയപോലെ.
എന്റെ പ്രിയപ്പെട്ട ആരാധകരേ, പ്രേക്ഷകരേ, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും പിന്തുണയും എനിക്ക് ആവശ്യമാണ്” എന്ന് ലിസി കുറിച്ചു.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ലിസി, തുടർന്ന് പ്രിയദർശൻ സംവിധാനം ചെയ്ത ‘ബോയിങ്ങ് ബോയിങ്ങ്’, ‘ഓടരുതമ്മാവാ ആളറിയാം’, ‘ചിത്രം’, ‘താളവട്ടം’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷമിട്ടു. 1990-ൽ വിവാഹിതരായ ഇവർ 2016-ൽ വേർപിരിഞ്ഞിരുന്നു.
എങ്കിലും, ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയത് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. തങ്ങൾക്കിടയിലുണ്ടായ ഈഗോയും അഭിപ്രായവ്യത്യാസങ്ങളുമാണ് പിരിയലിന് കാരണമായതെന്ന് പ്രിയദർശൻ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
കാലക്രമേണയുണ്ടായ തിരിച്ചറിവുകൾ വീണ്ടും അടുപ്പത്തിലേക്ക് വഴിയൊരുക്കിയതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

