കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വലിയ ഭീഷണിയായി മാറുന്നു. ആയിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും പെറ്റുപെരുകുന്നത്.
രാത്രികാലങ്ങളിൽ കൂട്ടത്തോടെ പുറത്തിറങ്ങുന്ന ഇവ വീടുകളിലെ ചെടികൾക്കും കാർഷിക വിളകൾക്കും വലിയതോതിൽ നാശനഷ്ടങ്ങൾ വരുത്തുന്നു. ജലസ്രോതസ്സുകളിലും ജനവാസ കേന്ദ്രങ്ങളിലും ഒച്ചുകളുടെ സാന്നിധ്യം വർധിക്കുന്നത് നാട്ടുകാരിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.
ഈർപ്പമുള്ളതും കാടുപിടിച്ചുകിടക്കുന്നതുമായ പ്രദേശങ്ങളിലാണ് ഇവയുടെ വ്യാപനം കൂടുതൽ. ഇരിണാവ്, ചെറുകുന്ന്, കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരം, പാപ്പിനിശ്ശേരി, മയ്യിൽ, കയരളം, കുറ്റ്യാട്ടൂർ, മടക്കര, അലവിൽ, പയ്യന്നൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈ പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തീരദേശങ്ങളിൽ ഒതുങ്ങിനിന്ന ഒച്ചുകൾ ഇപ്പോൾ മലയോര മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ചത്ത ഒച്ചുകൾ ജീർണിച്ച് അസഹ്യമായ ദുർഗന്ധം വമിക്കുന്നതായും പരാതിയുണ്ട്.
കൂടാതെ, കുട്ടികളിൽ മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് ഇവ കാരണമായേക്കാം എന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ധർ നൽകുന്നു. ശാസ്ത്രീയ വിവരങ്ങളും വ്യാപനവും
അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ഇവയുടെ ശാസ്ത്രനാമം.
2005-ൽ ആദ്യമായി കണ്ടെത്തിയെങ്കിലും 2018-ലെ പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ഇവയുടെ വ്യാപനം വർധിച്ചതായാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. അനുകൂല സാഹചര്യങ്ങളിൽ ഒരു ഒച്ച് വർഷത്തിൽ നാല് തവണയായി ആയിരത്തിലധികം മുട്ടയിടുന്നു.
രണ്ടാഴ്ചയ്ക്കകം മുട്ടകൾ വിരിയുകയും ആറ് മാസത്തിനുള്ളിൽ ഇവ പ്രായപൂർത്തി ആവുകയും ചെയ്യും. മണ്ണടിയിൽ ഉൾപ്പെടെ പത്ത് വർഷം വരെ അതിജീവിക്കാൻ ശേഷിയുള്ളവയാണ് ഇവ.
പ്രതിരോധവും നിയന്ത്രണ മാർഗങ്ങളും
പരിസര ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം.
ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതെ ശ്രദ്ധിക്കണം.
– ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിമാറ്റുകയും മഴക്കാലത്തിന് ശേഷം കൃഷിസ്ഥലങ്ങളിൽ മണ്ണൊരുക്കുന്നത് ഒച്ചുകളുടെ മുട്ട നശിക്കാൻ സഹായിക്കും.
– താറാവുകളെ വളർത്തുന്നത് ഫലപ്രദമായ ഒരു ജൈവനിയന്ത്രണ മാർഗമാണ്.
– കാബേജ്, പപ്പായ ഇലകൾ ചാക്കിൽ കെട്ടി വൈകുന്നേരം വെക്കുന്നത് ഒച്ചുകളെ ആകർഷിക്കാൻ സഹായിക്കും.
ഇവയെ 200 ഗ്രാം ഉപ്പ് കലർത്തിയ ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് നശിപ്പിക്കാം.
– ബ്ലീച്ചിങ് പൗഡർ, പുകയില, തുരിശ് എന്നിവ വിതറുന്നതും ഫലപ്രദമാണ്.
– ഗോതമ്പ് പൊടി, ശർക്കര, യീസ്റ്റ്, തുരിശ് എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ച് കെണികൾ ഒരുക്കാം.
– ചെടികളിൽ തുരിശ് ലായനിയോ കോപ്പർ ഓക്സി ക്ലോറൈഡോ തളിക്കാം.
– വാഴ, തെങ്ങ്, കമുക് എന്നിവയിൽ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് തേച്ചുപിടിപ്പിക്കുന്നത് ഒച്ചുകളെ അകറ്റാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

