ഓസ്ട്രേലിയൻ സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ജൂലൈ 9-ന് മെൽബൺ സന്ദർശിക്കുന്ന വേളയിലാണ് അദ്ദേഹം അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്.
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന ‘മെൽബൺ മീറ്റ്സ് മോദി’ എന്ന പൊതുസമ്മേളനവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന് താഴെയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.
“പരിപാടിയുടെ സമയത്ത് സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലത്. അല്ലെങ്കിൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് വരുന്നത് മരണത്തിലേക്കായിരിക്കും” എന്നാണ് ഭീഷണിയിൽ പറയുന്നത്.
ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഉടനടി നടപടികളിലേക്ക് കടന്നിട്ടുണ്ട്. സമൂഹമാധ്യമത്തിലെ ഈ പോസ്റ്റുമായി ബന്ധപ്പെട്ട
ഐപി വിലാസം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സന്ദേശത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് ഓസ്ട്രേലിയൻ പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
എന്നിരുന്നാലും, ഔദ്യോഗികമായി അന്വേഷണ പുരോഗതി സംബന്ധിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല.

