ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മത്സരങ്ങൾ എത്തുമ്പോൾ, ഫുട്ബോൾ പ്രേമികൾക്കായി വിപുലമായ പ്രവചന മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബ്. ‘ഗോള്മ്മക്കോള്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മത്സരത്തിലൂടെ ആരാധകർക്ക് മികച്ച സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ജൂലൈ 4-ന് തുടക്കം കുറിക്കുന്ന ഈ മത്സരം രണ്ട് തലങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മത്സരഫലങ്ങൾ കൃത്യമായി പ്രവചിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് ദിവസവും 1,000 രൂപ വീതം സമ്മാനത്തുക ലഭിക്കും.
ഇതിനു പുറമെയാണ് മെഗാ സമ്മാനങ്ങൾക്കുള്ള അവസരം. റൗണ്ട് ഓഫ് 16 മുതൽ ക്വാർട്ടർ ഫൈനൽ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വരെ ആരാധകർക്ക് മെഗാ പ്രവചന മത്സരത്തിൽ പങ്കുചേരാം.
ലോകകപ്പ് ജേതാക്കളെയും സെമിഫൈനൽ ടീമുകളെയും കൃത്യമായി പ്രവചിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ഗൂഗിൾ പിക്സൽ 10a 5G സ്മാർട്ട്ഫോൺ സമ്മാനമായി ലഭിക്കും. കൂടാതെ, പങ്കാളികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന നാല് പേർക്ക് 5,000 രൂപ വീതവും സമ്മാനമായി നൽകുന്നു.
കാലിക്കറ്റ് എഫ്.സിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകർക്ക് മത്സരത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. വെറുമൊരു പ്രവചന മത്സരം എന്നതിലുപരി, സ്വന്തം ഫുട്ബോൾ അറിവുകളെ ക്ലബ്ബിന്റെ വിദഗ്ധ സമിതിയുമായും ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുമായും താരതമ്യം ചെയ്യാനുള്ള അവസരം കൂടിയാണിത്.
ആഗോള തലത്തിലെ പ്രമുഖ എയർലൈനുകൾ പ്രവർത്തന തീരുമാനങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന അതേ സുരക്ഷാ-തീരുമാന അൽഗോരിതങ്ങളാണ് ഈ പ്രവചന മോഡലിനായി ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ ‘എ.ഐ സെന്റർ ഓഫ് എക്സലൻസ്’ രൂപകല്പന ചെയ്തിരിക്കുന്നത്. ടീമുകളുടെ മുൻകാല ചരിത്രം, കളിക്കാരുടെ നിലവിലെ ഫോം, പ്രകടനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ വിശകലനം ചെയ്താണ് എ.ഐ പ്രവചനങ്ങൾ നടത്തുന്നത്.
സാങ്കേതികവിദ്യയും ഫുട്ബോൾ ആവേശവും ഒത്തുചേരുന്ന ഈ വെല്ലുവിളിയിൽ പങ്കുചേരാൻ ആരാധകർക്ക് ക്ലബ്ബിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

