വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത രാഷ്ട്രീയ-ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി.
ശനിയാഴ്ചയാണ് ഭൗതികശരീരം പൊതുദർശനത്തിന് വെച്ചുകൊണ്ടുള്ള ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന അമേരിക്ക-ഇസ്രായേൽ സൈനിക ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
തങ്ങളുടെ പ്രിയപ്പെട്ട ജനനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി വൻ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തുന്നത്.
ഇറാൻ ദേശീയ പതാകയിൽ പൊതിഞ്ഞ ഖമനേയിയുടെ ഭൗതികദേഹം ടെഹ്റാനിലെ പ്രശസ്തമായ ഗ്രാന്റ് മൊസല്ല പള്ളിയിലാണ് പൊതുദർശനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. പ്രസ്തുത ആക്രമണത്തിൽ മരണപ്പെട്ട
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഇവിടെ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ഇതേ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട
ഇറാന്റെ പരമോന്നത നേതാവിന്റെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദിയുടെ ഭൗതികശരീരവും ഇതിൽ ഉൾപ്പെടുന്നു. നിഷ്കളങ്കയായ പിഞ്ചുകുഞ്ഞിന്റെ വേർപാട് ചടങ്ങിൽ പങ്കെടുത്ത ജനങ്ങളെ അത്യന്തം ദുഃഖത്തിലാഴ്ത്തി.

