ചങ്ങനാശേരി കെഎസ്ആർടിസി ടെർമിനൽ നിർമ്മാണം അനിശ്ചിതത്വത്തിൽ. നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി സമർപ്പിച്ച ബില്ലുകൾ മാറി ലഭിക്കാത്തതാണ് പദ്ധതിയുടെ പ്രവർത്തനം തടസ്സപ്പെടാൻ പ്രധാന കാരണം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ പ്രവൃത്തികൾക്കായി 2.5 കോടി രൂപയാണ് സൊസൈറ്റിക്ക് ലഭിക്കാനുള്ളത്. ടെർമിനലിന്റെ രണ്ട് നിലകളിലായുള്ള കോൺക്രീറ്റ് സ്ട്രക്ചർ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയിരുന്നു.
ഇതിനായുള്ള ബില്ലുകൾ 2025 നവംബറിൽ കഴിഞ്ഞ സർക്കാരിന്റെ കാലയളവിലാണ് സമർപ്പിച്ചത്. എന്നാൽ, തുക അനുവദിക്കാത്ത സാഹചര്യത്തിൽ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
നിലവിൽ യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ഡോർമെട്രി, ശുചിമുറി കോംപ്ലക്സ്, കോഫി ഷോപ്പ്, ക്ലോക്ക് റൂം, സ്റ്റേഷൻ മാസ്റ്റർ റൂം തുടങ്ങിയ നിർണ്ണായക സൗകര്യങ്ങളുടെ പണി ഇനിയും പൂർത്തിയാകാനുണ്ട്. ഈ തുക ലഭ്യമായാൽ മാത്രമേ ശേഷിക്കുന്ന ജോലികൾ പുനരാരംഭിക്കാൻ സാധിക്കൂ.
7 കോടി 5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ, 6 കോടി 23 ലക്ഷം രൂപയ്ക്കാണ് ഊരാളുങ്കൽ കരാർ ഏറ്റെടുത്തത്. 2025 ഏപ്രിൽ 2-നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി കെഎസ്ആർടിസി സ്റ്റാൻഡ് അടച്ചിട്ടത്.
ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ വ്യവസ്ഥയെങ്കിലും, ഇപ്പോഴും നിർമ്മാണം പൂർത്തിയാകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഈ വിഷയം വിനു ജോബ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
സംഭവത്തിൽ നേരിട്ട് സന്ദർശനം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സി.പി.ജോൺ അറിയിച്ചിട്ടുണ്ട്. ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിനായുള്ള സ്റ്റീൽ നിർമ്മിത വസ്തുക്കൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടതുണ്ട്.
യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കുന്നതിനായി സ്റ്റാൻഡിനു മുകളിൽ കുട പോലെ ഈ വസ്തുക്കൾ സ്ഥാപിക്കേണ്ടതുണ്ട്.
ഇതിനായി 14 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും, ബാക്കി 35 ലക്ഷം രൂപ കൂടി കൈമാറിയാൽ മാത്രമേ ഇറക്കുമതി നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

