ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയായ കാപ്ജെമിനിയുടെ ക്യാംപസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ കുട്ടികൾക്ക് നേരെ നടന്ന അതിക്രമം പുറത്തറിഞ്ഞതോടെ വൻ പ്രതിഷേധം. സംഭവത്തിൽ മഞ്ജുള, വിജയലക്ഷ്മി എന്നീ രണ്ട് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ഉൾപ്പെട്ട
മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ജൂൺ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ടും മൂന്നും വയസ്സ് പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ കരഞ്ഞതിനെ തുടർന്ന് ആയമാർ ഇവരെ വാഷിങ് മെഷീനിനുള്ളിൽ അടയ്ക്കുകയായിരുന്നു. കൂടാതെ, ശുചിമുറിയിലെ പൈപ്പ് ഉപയോഗിച്ച് കുട്ടികളുടെ വായിലേക്ക് ബലമായി വെള്ളം പമ്പ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മഞ്ജുളയും വിജയലക്ഷ്മിയും ചേർന്നാണ് പകർത്തിയത്. പ്രതി മഞ്ജുളയാണ് മറ്റ് നാല് ആയമാരെ ഈ കേന്ദ്രത്തിലേക്ക് ജോലിക്കെടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
കുട്ടികളെ പരിചരിക്കുന്നതിനുള്ള യാതൊരുവിധ പരിശീലനവും ഇവർക്ക് ലഭിച്ചിരുന്നില്ല. രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ നഗരത്തിന്റെ സുരക്ഷാ അന്തരീക്ഷത്തെയും വിശ്വാസ്യതയെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനികളാണെങ്കിലും, വനിതാശിശുക്ഷേമ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഡേകെയർ കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

