പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം പാതയിൽ തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേഖലയിൽ കനത്ത മണ്ണിടിച്ചിലിനും പാറവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ചുരം വഴിയുള്ള എല്ലാവിധ യാത്രകളും പൂർണ്ണമായും നിരോധിച്ചു. പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾക്ക് ചുരത്തിലൂടെയുള്ള പ്രവേശനത്തിന് കർശനമായ വിലക്കുണ്ട്.
കൂടാതെ, ചരക്ക് കടത്താനായി ഉപയോഗിക്കുന്ന ഭാരവാഹനങ്ങളുടെ ഗതാഗതവും പൂർണ്ണമായും നിർത്തിവെച്ചു. മറ്റ് വാഹനങ്ങൾക്ക് വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ രാത്രികാല യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ നിയന്ത്രണങ്ങൾ നെല്ലിയാമ്പതി പ്രദേശവാസികൾക്കും ബാധകമായിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ പ്രദേശവാസികൾ ചുരം പാത ഉപയോഗിക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ദുരന്തസാധ്യതകൾ മുന്നിൽക്കണ്ട് യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

