ഇന്ത്യയിലെ ആയുർവേദ മെഡിക്കൽ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ലക്ഷ്യമിട്ട് നിർണായക റിപ്പോർട്ടുമായി നിതി ആയോഗ്. രാജ്യത്ത് ആഭ്യന്തര ആയുർവേദ മെഡിക്കൽ മൂല്യ യാത്രാ മേഖലകൾ രൂപീകരിക്കണമെന്നാണ് പ്രധാന നിർദേശം.
ടൂറിസം മേഖലകളെ പൈതൃക കേന്ദ്രങ്ങൾ, വിദേശ ടൂറിസ്റ്റ് സർക്കീറ്റുകൾ എന്നിങ്ങനെ തരംതിരിച്ച് വികസനം ഉറപ്പാക്കാനാണ് പദ്ധതി. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ സർക്കീറ്റിൽ കേരളം, ആഗ്ര, ഖജുരാഹോ, രാജസ്ഥാൻ എന്നിവയെ ഉൾപ്പെടുത്താനാണ് റിപ്പോർട്ടിലെ ശുപാർശ.
അതേസമയം, വാരാണസി, പ്രയാഗ്രാജ്, ഋഷികേശ്, ഉജ്ജയിൻ, തിരുപ്പതി തുടങ്ങിയ പ്രദേശങ്ങളെ പൈതൃക ആയുർവേദ ടൂറിസത്തിന്റെ ഭാഗമാക്കാനും നിർദേശമുണ്ട്. ആയുഷ് ആശുപത്രികളുടെയും വെൽനസ് സെന്ററുകളുടെയും ഗുണനിലവാരം ഉയർത്തുന്നതിനായി എൻഎബിഎച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) മാനദണ്ഡങ്ങൾ പാലിക്കണം.
നിലവിൽ രാജ്യത്ത് ഈ അംഗീകാരമുള്ള 375 ആരോഗ്യകേന്ദ്രങ്ങളിൽ 250 എണ്ണവും കേരളത്തിലാണ് പ്രവർത്തിക്കുന്നത് എന്നത് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ ആധിപത്യം വ്യക്തമാക്കുന്നു. ജിഐ ടാഗ് പദവിക്കായി ശുപാർശ സംസ്ഥാനത്തിന്റെ തനത് ചികിത്സാ രീതിയായ പഞ്ചകർമയ്ക്കും ഹിമാലയൻ ഔഷധസസ്യങ്ങൾക്കും ഭൗമ സൂചിക (ജിഐ ടാഗ്) പദവി നൽകണമെന്നും നിതി ആയോഗ് ശുപാർശ ചെയ്യുന്നു.
കൂടാതെ, പഞ്ചകർമ ചികിത്സയുടെ പ്രസക്തി ലോകമെങ്ങും എത്തിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ അഞ്ച് സഹകരണ കേന്ദ്രങ്ങൾ കൂടി ഇന്ത്യയിൽ ആരംഭിക്കണം. ജയ്പുരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മാതൃകയിൽ മറ്റ് സ്ഥാപനങ്ങളിലും വിദേശികൾക്കായി പഞ്ചകർമ, ക്ഷരസൂത്ര തുടങ്ങിയ കോഴ്സുകൾ ആരംഭിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ആയുർവേദ ഉൽപന്നങ്ങളുടെയും സസ്യങ്ങളുടെയും കയറ്റുമതിയിൽ കേരളത്തിന്റെ തനത് ചികിത്സാ രീതികൾക്ക് മുൻഗണന നൽകണം. മറ്റ് പ്രധാന നിർദേശങ്ങൾ
– ആഗോളതലത്തിൽ ആയുർവേദ വിവരങ്ങൾ ലഭ്യമാക്കാൻ പ്രത്യേക പോർട്ടലും റജിസ്റ്ററും തയ്യാറാക്കുക.
– മെഡിക്കൽ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ആയുർവേദത്തെ ഇലക്റ്റീവ് വിഷയമായി ഉൾപ്പെടുത്തുക.
– വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആയുർവേദ ഉൽപന്നങ്ങളുടെ വിപണനത്തിനായി ട്രെയ്ഡ് ഡാഷ്ബോർഡ് സജ്ജമാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

