കാസർകോട് ജില്ലയിലെ രാജപുരം പാണത്തൂർ മാവുങ്കാലിൽ റോഡ് വികസനത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് ഒരു കുടുംബത്തിന്റെ വീട് തകർച്ചാ ഭീഷണിയിൽ. പാണത്തൂർ മാവുങ്കാലിൽ താമസിക്കുന്ന രാഘവന്റെ വീടാണ് അതീവ അപകടാവസ്ഥയിലായിരിക്കുന്നത്.
കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയുടെ കോളിച്ചാൽ–പാണത്തൂർ റീച്ചിൽ നടക്കുന്ന റോഡ് വികസനത്തിന്റെ ഭാഗമായി ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മണ്ണെടുത്തതാണ് പ്രദേശവാസികൾക്ക് വിനയായത്. റോഡ് നിരപ്പിൽ നിന്നും എട്ട് മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ താഴ്ഭാഗത്ത് വളവ് നിവർത്തുന്നതിനായി മണ്ണെടുക്കുകയായിരുന്നു.
നിർമ്മാണ സമയത്ത് വീടിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, മഴക്കാലത്തിന് മുൻപായി ഇതിന്റെ പണി പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതാണ് മണ്ണിടിച്ചിലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ വീടിന്റെ മുറ്റത്തോട് ചേർന്നുള്ള കവുങ്ങുകൾ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇതിലൊരു കവുങ്ങ് മറിഞ്ഞ് ഹൈടെൻഷൻ വൈദ്യുതി ലൈനിന് മുകളിൽ വീഴുകയും, ഇതിനെത്തുടർന്ന് വൈദ്യുതത്തൂൺ ഉൾപ്പെടെ തകർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഒരു വർഷം മുൻപ് നടന്ന അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് രാഘവൻ.
എൺപത്തിയഞ്ച് വയസ്സുള്ള മാതാവിനൊപ്പം അതീവ ഭീതിയിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്. അടിയന്തരമായി സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തീകരിച്ച് തങ്ങളുടെ വീടിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

