ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയുടെ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ട് ആയമാരെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് നേരെയാണ് അതിക്രമങ്ങൾ നടന്നത്. കുട്ടികൾ കരയുമ്പോൾ അവരെ നിശബ്ദരാക്കാനും ഭയപ്പെടുത്താനും ആയമാർ അങ്ങേയറ്റം ക്രൂരമായ ശിക്ഷാരീതികളാണ് അവലംബിച്ചിരുന്നത്.
കുട്ടികളെ വാഷിംഗ് മെഷീനുള്ളിലാക്കി പൂട്ടുക, ഇരുട്ടുള്ള ടോയ്ലെറ്റുകളിൽ അടച്ചിടുക തുടങ്ങിയ ശിക്ഷകൾ നൽകിയതായാണ് പുറത്തുവരുന്ന വിവരം. കൂടാതെ, കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഡേകെയറിലെ മറ്റൊരു ജീവനക്കാരൻ പകർത്തിയ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. കേസിൽ ആകെ അഞ്ച് ജീവനക്കാർക്കെതിരെ എച്ച്എഎൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതിൽ മൂന്ന് പേരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകി. ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

