സംസ്ഥാനത്ത് വരും ദിവസങ്ങളിലും കാലവർഷം ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയായി ജൂൺ മാസത്തിൽ കുറയുന്ന മഴ ജൂലൈ മാസത്തിൽ പെയ്തുതീർക്കാറാണ് പതിവ്.
എന്നാൽ, ഇത്തവണ ജൂലൈ മാസത്തിലും മഴ കാര്യമായി ലഭിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ കേരളത്തിൽ ലഭിക്കേണ്ട
മഴയിൽ **33 ശതമാനത്തിന്റെ കുറവാണ്** രേഖപ്പെടുത്തിയിരിക്കുന്നത്. പസിഫിക് സമുദ്രോപരിതലത്തിൽ രൂപംകൊണ്ട
**എൽനിനോ (El Nino)** പ്രതിഭാസമാണ് മഴയുടെ അളവ് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ **നിത കെ.ഗോപാൽ** വ്യക്തമാക്കിയത് ഇങ്ങനെ: “എൽനിനോ സംഭവിക്കുന്ന വർഷങ്ങളിൽ കേരളത്തിൽ കാലവർഷം ജൂലൈയിലും ദുർബലമാകുമെന്നാണ് പ്രവചനം.
ജൂലൈയുടെ തുടക്കത്തിലും വരുംദിവസങ്ങളിലും നേരിയ തോതിൽ മഴ ലഭിച്ചേക്കുമെങ്കിലും, പിന്നീട് മഴയുടെ അളവ് ഗണ്യമായി കുറയുന്ന സാഹചര്യമാണുള്ളത്.” കേരളത്തിൽ മഴയുടെ അളവ് നിർണയിക്കുന്നതിൽ ന്യൂനമർദങ്ങൾക്ക് വലിയ പങ്കുണ്ട്. നിലവിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
കൂടാതെ, രൂപപ്പെടുന്നവ തന്നെ അതിവേഗം ദുർബലമായി മാറുന്നതും തിരിച്ചടിയാണ്. മുൻ വർഷങ്ങളിൽ ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കുറവ് ഓഗസ്റ്റ് മാസത്തോടെ നികത്താറുണ്ടായിരുന്നെങ്കിലും, ഇത്തവണ എൽനിനോയുടെ സ്വാധീനം മൂലം അതിനും സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

