ഇടുക്കി ജില്ലയിൽ ലഹരി മാഫിയകൾക്കെതിരെ പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ മുന്നേറ്റം. കഴിഞ്ഞ 2-ാം തീയതി ആരംഭിച്ച പരിശോധനയിൽ ജില്ലയിലെ അഞ്ച് പൊലീസ് സബ് ഡിവിഷനുകളിലായി ആറായിരത്തോളം പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ഇതുവരെ രജിസ്റ്റർ ചെയ്ത 256 കേസുകളിലായി 279 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കുകൾ ആശങ്കയുളവാക്കുന്നതാണ്.
13.667 കിലോഗ്രാം കഞ്ചാവ്, 10.62 ഗ്രാം എംഡിഎംഎ, 8 ഗ്രാം ഹഷീഷ് ഓയിൽ, 10 കഞ്ചാവ് ചെടികൾ എന്നിവയാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും 30 വയസ്സിൽ താഴെയുള്ളവരാണ് എന്നത് ജില്ലയിലെ ലഹരി ഉപയോഗം യുവാക്കൾക്കിടയിൽ എത്രത്തോളം വ്യാപകമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു.
പ്രധാന സംഭവങ്ങൾ
കഴിഞ്ഞ 27-ാം തീയതി ശാന്തിഗ്രാമിൽ വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, നെടുങ്കണ്ടം പൊലീസ് കാൻസർ രോഗികൾക്കുള്ള മരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു.
കീമോതെറാപ്പിക്ക് ശേഷം വേദനസംഹാരിയായി ഉപയോഗിക്കുന്ന ടാപെന്റഡോൾ ടാബ്ലെറ്റുകൾ ലഹരിക്കായി ഉപയോഗിച്ചതിനാണ് ഇവർ പിടിയിലായത്. പിടിച്ചെടുത്ത മരുന്നുകൾക്ക് ഇരുപതിനായിരത്തിലധികം രൂപ വില വരും.
ജനകീയ പങ്കാളിത്തം
പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലഹരി വിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ 9497932508 എന്ന തൂഫാൻ കൺട്രോൾ റൂം നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബോധവൽക്കരണ ക്ലാസുകളുമായും പരിശോധനകളുമായും മുന്നോട്ട് പോകുന്ന പൊലീസ്, അതിർത്തി കടന്നെത്തുന്ന ലഹരി മാഫിയകളെയും ഉടൻ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് വ്യക്തമാക്കി.
നിരോധിത വസ്തുക്കൾ നശിപ്പിച്ചു
ചെറുതോണിയിൽ നടന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങൾ നശിപ്പിച്ചു. 2003ലെ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത 17 കേസുകളിലെ വസ്തുക്കളാണ് ജില്ലാ പൊലീസ് ക്യാംപിൽ വെച്ച് നശിപ്പിച്ചത്.
ജില്ലാ മയക്കുമരുന്ന് നിർമാർജന സമിതി ചെയർമാനായ ജില്ലാ പൊലീസ് മേധാവി ഡോ. എ.നസീമിന്റെ നേതൃത്വത്തിൽ നടന്ന നടപടികൾക്ക് നർകോട്ടിക് സെൽ ഡപ്യൂട്ടി ഡിവൈഎസ്പി മുഹമ്മദ് റിയാസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.എ.യൂനസ് എന്നിവർ നേതൃത്വം നൽകി.
ഇടുക്കി അഡിഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഇമ്മാനുവൽ പോൾ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോയി മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

