ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടയിൽ, ക്രൂഡോയിൽ കയറ്റുമതിയിലൂടെ വരുമാനം വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇറാൻ. അമേരിക്കയുമായുള്ള സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ രാജ്യത്തിന്റെ എണ്ണ കയറ്റുമതിയിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
കരാർ ഒപ്പിട്ട് മൂന്നു ദിവസത്തിനുള്ളിൽ മാത്രം 6 ദശലക്ഷം ബാരൽ ക്രൂഡോയിലുമായി മൂന്ന് ഇറാനിയൻ സൂപ്പർ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് പിന്നിട്ടതായി സമുദ്ര ഗതാഗത ഡേറ്റ വ്യക്തമാക്കുന്നു. സിംഗപ്പൂർ വിപണി ലക്ഷ്യമാക്കിയാണ് ഈ കപ്പലുകൾ നീങ്ങുന്നത്.
വിപണി വിലയേക്കാൾ 20 ശതമാനം അധികം ഈടാക്കിയാണ് ഇറാൻ എണ്ണ വിൽപന നടത്തുന്നതെങ്കിലും, വിൽപന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാവാതെ എണ്ണ കെട്ടിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്ക്കാര ചടങ്ങുകൾ വലിയ സുരക്ഷാ ഭീഷണികൾക്കിടയിലാണ് നടക്കുന്നത്.
ചടങ്ങുകൾക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന്, ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതായും വിവരങ്ങളുണ്ട്.
വിപണി വിശേഷങ്ങൾ
ഐടി ഓഹരികളിലുണ്ടായ മികച്ച പ്രകടനം ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായി. തുടർച്ചയായ നാല് ദിവസത്തെ വിൽപന സമ്മർദത്തിന് വിരാമമിട്ട് നിഫ്റ്റി ഐടി 4.64 ശതമാനം നേട്ടമുണ്ടാക്കി.
ആഗോള തലത്തിൽ ടെക് ഓഹരികൾ തിരിച്ചടി നേരിടുമ്പോഴും, എഐ (AI) ഓഹരികളിൽ നിന്നുള്ള നിക്ഷേപകർ ഇന്ത്യൻ ഐടി മേഖലയിലേക്ക് ചേക്കേറിയത് നേട്ടമായി. ഇതിനൊപ്പം ഇൻഫോസിസ്, ടിസിഎസ് ഓഹരികൾ നാല് ശതമാനത്തോളം ഉയർന്നു.
സെൻസെക്സ് 0.75 ശതമാനം ഉയർന്ന് 77,502.48 പോയിന്റിലും, നിഫ്റ്റി 0.71 ശതമാനം ഉയർന്ന് 24,175.50 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യൻ വിപണിയുടെ ആശങ്ക സൂചികയായ വിക്സ് (VIX) 12.29-ലേക്ക് താഴ്ന്നത് അനുകൂല സൂചനയാണ്.
വിദേശ നിക്ഷേപകർ 289 കോടി രൂപയുടെയും, ആഭ്യന്തര നിക്ഷേപകർ 1075 കോടി രൂപയുടെയും ഓഹരികൾ വാങ്ങി. അമേരിക്കൻ വിപണിയിലെ മാറ്റങ്ങൾ
യുഎസിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിലും കുറവായതോടെ ഡോ സൂചിക പുതിയ റെക്കോർഡിലേക്ക് കുതിച്ചു.
എന്നാൽ സെമിക്കണ്ടക്ടർ ഓഹരികളിലെ തളർച്ച നാസ്ഡാക് സൂചികയെ ബാധിച്ചു. ജൂണിലെ ‘യുഎസ് നോൺഫാം പേറോൾ’ റിപ്പോർട്ട് പ്രകാരം പുതിയ തൊഴിലവസരങ്ങൾ 57,000 മാത്രമാണ് വർധിച്ചത്.
തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനവുമായി. ഇതോടെ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന പ്രതീക്ഷ വിപണിയിൽ ബലപ്പെട്ടു.
ഇത് ഡോളറിന്റെ മൂല്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സ്വർണവിലയിലെ മുന്നേറ്റം
പലിശ വർധനവ് സംബന്ധിച്ച ഭീതി കുറഞ്ഞതും യുഎസിലെ തൊഴിൽ കണക്കുകളും സ്വർണവിലയെ അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർത്തി.
ഔൺസിന് 4180 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള പ്രവണതകൾക്കൊപ്പം കേരളത്തിലെ സ്വർണവിലയിലും ഇന്നലെ 2480 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

