ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്കിടയിലും രാജ്യത്ത് ഇന്ധനവിലയിൽ അടിയന്തര മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സമയത്ത്, ഉപഭോക്താക്കൾക്ക് ആഘാതമേൽക്കാതിരിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ കൈക്കൊണ്ട
നിലപാട് മൂലം 74,781 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജൂൺ 30 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവുണ്ടെങ്കിലും, പ്രതിസന്ധിഘട്ടത്തിൽ ഉയർന്ന വിലയ്ക്ക് സംഭരിച്ച ക്രൂഡ് ഓയിലാണ് നിലവിൽ വിതരണത്തിനുള്ളത്. ഇന്ധനവില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞത് ഇപ്രകാരമാണ്: ‘‘രണ്ട് മാസം മുമ്പ് നിലവിലിരുന്ന ഉയർന്ന നിരക്കിൽ വാങ്ങിയ ക്രൂഡ് പെട്രോളിയം സ്റ്റോക്ക് ആണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്.
വിലയിലെ ഈ ഇടിവ് അടുത്ത രണ്ട് മൂന്ന് മാസത്തേക്ക് കൂടി തുടരുകയാണെങ്കിൽ നമുക്ക് വിലക്കുറവിനെക്കുറിച്ച് ആലോചിക്കാം’’ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്ധനവിലക്കയറ്റം കാര്യമായി നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വികസിത രാജ്യങ്ങളിൽ ഏകദേശം 20 ശതമാനവും ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ 35 ശതമാനത്തോളവും ഇന്ധനവില വർധിച്ചപ്പോൾ, ഇന്ത്യയിൽ ഇത് 5.58 ശതമാനം മാത്രമാണ് വർധിച്ചത്.
കൂടാതെ, കഴിഞ്ഞ നാല് മാസത്തിനിടെ (ഫെബ്രുവരി 28 മുതൽ ജൂൺ അവസാനം വരെ) രാജ്യത്തെ 1,07,000 റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ ഒന്നുപോലും ഇന്ധനക്ഷാമം മൂലം അടച്ചിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി തങ്ങളുടെ ഇന്ധനവിലയിൽ കുറവ് വരുത്തിയതിനെക്കുറിച്ചും മന്ത്രി വിശദീകരണം നൽകി.
പ്രതിസന്ധി ഘട്ടത്തിൽ പൊതുമേഖലാ കമ്പനികളേക്കാൾ ഉയർന്ന നിരക്കിൽ ഇന്ധനം വിറ്റിരുന്ന അവർ, ആ സമയത്ത് വർധിപ്പിച്ച തുക മാത്രമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനികൾ ആ സമയത്ത് വില വർധിപ്പിച്ചിരുന്നില്ലെന്നും മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

