വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ വലിയ തിരിച്ചടി നേരിടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ട്രാൻസ്ഷിപ്മെന്റ് കൈകാര്യം ചെയ്യുന്നതിൽ 50 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ 85,911 ടിഇയു ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നറുകളാണ് വല്ലാർപാടം വഴി കൈകാര്യം ചെയ്തത്. മുൻവർഷം ഇത് 1,69,562 ടിഇയു ആയിരുന്നു.
ട്രാൻസ്ഷിപ്മെന്റ് മേഖലയിലുണ്ടായ ഈ ഇടിവ് ടെർമിനൽ കൈകാര്യം ചെയ്ത മൊത്തം കണ്ടെയ്നറുകളുടെ എണ്ണത്തെയും ബാധിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 8,34,665 ടിഇയു ആയിരുന്ന കണ്ടെയ്നർ കൈകാര്യം ചെയ്യൽ കഴിഞ്ഞ വർഷം 767,948 ടിഇയു ആയി കുറഞ്ഞു.
ചെറുകിട തുറമുഖങ്ങളിൽ നിന്ന് ഫീഡർ കപ്പലുകളിൽ എത്തിക്കുന്ന കണ്ടെയ്നറുകൾ വലിയ മദർ ഷിപ്പുകളിലേക്ക് മാറ്റി വിദേശത്തേക്ക് അയക്കുന്നതാണ് ഈ ടെർമിനലുകളുടെ പ്രധാന ദൗത്യം.
ട്രാൻസ്ഷിപ്മെന്റിൽ തിരിച്ചടി നേരിട്ടെങ്കിലും, കയറ്റുമതി-ഇറക്കുമതി (എക്സിം) കണ്ടെയ്നറുകളുടെ കാര്യത്തിൽ ടെർമിനൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എക്സിം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ 6 ശതമാനം വർധനവുണ്ടായി.
കേരളത്തിന്റെ പ്രധാന വാണിജ്യ കവാടമെന്ന നിലയിൽ വല്ലാർപാടം തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കപ്പൽച്ചാലിന്റെ ആഴക്കുറവ് ഇപ്പോഴും ടെർമിനലിന് വലിയ വെല്ലുവിളിയാണ്. 12 കിലോമീറ്റർ നീളമുള്ള കപ്പൽച്ചാലിൽ നിലവിലുള്ള 14.5 മീറ്റർ ആഴം വലിയ മദർ ഷിപ്പുകൾ എത്തുന്നതിന് പരിമിതി സൃഷ്ടിക്കുന്നു.
നിലവിലെ ആഴം നിലനിർത്താൻ പോലും വൻ തുക പോർട്ട് അതോറിറ്റിക്ക് ചെലവാക്കേണ്ടി വരുന്നുണ്ട്. ഇതിനു പുറമെ, ആഴം 16 മീറ്ററായി വർധിപ്പിക്കാൻ 700 മുതൽ 800 കോടി രൂപ വരെ ആവശ്യമായി വരും.
ഇത്രയും വലിയൊരു തുക ചെലവഴിക്കാൻ പോർട്ട് അതോറിറ്റിക്ക് സാമ്പത്തിക ശേഷിയില്ല. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നിലവിൽ ഇതിനുള്ള അനുകൂലമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

