കാസർകോട് ജില്ലയിലെ കീഴൂർ കടപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് നാലുപേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 5.30-ഓടെയാണ് സംഭവം.
വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തെ അയൽവാസി സമയോചിതമായി ഇടപെട്ട് പുറത്തെത്തിച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. തൊഴിലുറപ്പു തൊഴിലാളിയായ വി.ശാരിക (39), മക്കളായ അഭിഷേക് (20), മൂന്നാം ക്ലാസ് വിദ്യാർഥി നിഹാൻ, ശാരികയുടെ സഹോദരൻ ഷാജി (40) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഷാജി ചികിത്സയിൽ തുടരുകയാണ്.
സംഭവസമയം ശാരികയുടെ ഭർത്താവ് കുഞ്ഞിക്കൃഷ്ണൻ കടപ്പുറത്ത് നടക്കാൻ പോയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അയൽവാസി രാജൻ ആണ് അപകടം ആദ്യം തിരിച്ചറിഞ്ഞത്.
ഓടിട്ട പഴയ വീട് കാറ്റിൽ തകരുന്നതുകണ്ട
ഉടൻ തന്നെ അദ്ദേഹം ഓടിയെത്തി വാതിൽ ബലം പ്രയോഗിച്ച് തുറക്കുകയും കുടുംബാംഗങ്ങളെ ഉണർത്തി പുറത്തെത്തിക്കുകയുമായിരുന്നു. കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീഴുന്നതിനിടെയാണ് ഇവർക്ക് പരുക്കേറ്റത്.
വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ശേഷിക്കുന്ന ചുവരുകളിലും വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
സംഭവം അറിഞ്ഞയുടൻ പഞ്ചായത്ത്, റവന്യു, മത്സ്യഫെഡ്, മത്സ്യഭവൻ, തളങ്കര കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളി കുടുംബത്തിന് അടിയന്തര ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ, സാഗര സംസ്കൃതി ജില്ലാ പ്രസിഡന്റ് പ്രതാപ് തയ്യിൽ, സെക്രട്ടറി കെ.എസ്.സാലി തുടങ്ങിയവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

