കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത് സുരക്ഷാ സംവിധാനങ്ങൾക്കെതിരെ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. അടുത്തിടെ നടന്ന സംഭവത്തിൽ, കാപ്പ തടവുകാരനായ ജലാലുദ്ദീൻ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
സെല്ലിൽ നിന്നും പുറത്തിറക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് ജയിലിൽ ബഹളം വെച്ച ഇയാൾ, സെല്ലിലെത്തിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ വി.എസ്.ജിഷ്ണുവിനെ കൈ പിടിച്ച് തിരിക്കുകയും കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ, കാപ്പ തടവുകാരായ അനുരാഗ്, അതുൽ കൃഷ്ണ, ഷാബിദ്, അക്ഷയ്, ഇജാസ്, ഹാരിസ് എന്നിവർ ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ഈ അക്രമത്തിൽ പ്രിസൺ ഓഫീസർമാരായ ദിലേഷ്, അഖിൽ ഏബ്രഹാം, ഫ്രാൻസിസ് എന്നിവർക്ക് പരുക്കേറ്റു. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നുള്ള 83 ഗുണ്ടകളാണ് നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം കഴിയുന്നത്.
ഇവർ മിക്കവരും പത്ത് മുതൽ മുപ്പത് വരെ കേസുകളിൽ പ്രതികളാണ്. ജയിലിലെ അതിരൂക്ഷമായ ജീവനക്കാരുടെ കുറവ് സുരക്ഷാ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
1050 തടവുകാരുള്ള ജയിലിൽ ആകെ 120 ജീവനക്കാർ മാത്രമാണുള്ളത്. ഇതിൽ 25 പേർ പരിശീലനത്തിനായുള്ളതിനാൽ ഡ്യൂട്ടിയിലില്ല.
കൂടാതെ, തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും ജയിൽ സെല്ലുകളുടെ സുരക്ഷയ്ക്കുമായി വലിയൊരു വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വരുന്നു. ആശുപത്രികളിൽ പ്രിസൺ സെൽ സൗകര്യമില്ലാത്തത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുന്നു.
പ്രതിദിനം 50 ജീവനക്കാർ മാത്രമാണ് യഥാർത്ഥ ജയിൽ ഡ്യൂട്ടിയിൽ ലഭ്യമാകുന്നത്. ലഹരിമരുന്നിന് അടിമകളായ പ്രതികൾക്ക് അത് ലഭിക്കാത്ത സാഹചര്യം ജയിലിലെ സംഘർഷങ്ങൾ വർധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
നിലവിൽ ശേഷിയേക്കാൾ കൂടുതൽ തടവുകാരെയാണ് സെല്ലുകളിൽ പാർപ്പിച്ചിരിക്കുന്നത്. രണ്ട് പേർക്കായി നിർമ്മിച്ച സിംഗിൾ സെല്ലുകളിൽ നാല് പേരെ വീതമാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്.
1, 3, 10 എന്നീ ബ്ലോക്കുകളിലാണ് കാപ്പ തടവുകാരെ പാർപ്പിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

