ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട് പോകുന്നു. നിലവിൽ ആദ്യഘട്ടത്തിൽ നിർമാണം ആരംഭിച്ച വലതുവശത്തെ തുരങ്കപാതയുടെ 75 മീറ്ററോളം ദൂരം പൂർത്തീകരിച്ചുകഴിഞ്ഞു.
രണ്ടാമതായി ആരംഭിച്ച ഇടതുവശത്തെ തുരങ്കത്തിന്റെ നിർമാണം നിലവിൽ പ്രാരംഭ ഘട്ടത്തിലാണ്. തുരങ്കത്തിന്റെ നീളം 100 മീറ്റർ പിന്നിടുന്നതോടെ നിർമാണ രീതിയിൽ മാറ്റം വരുത്തുമെന്നും, അതുവഴി പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സാധിക്കുമെന്നും കരാർ കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.
തുരങ്ക മുഖത്തിന്റെ തുടക്കത്തിൽ കോൺക്രീറ്റ് ബലപ്പെടുത്തലുകൾ നടത്തിയ ശേഷമാണ് പാറ തുരന്ന് ഉൾഭാഗത്തേക്കുള്ള നിർമാണം ആരംഭിച്ചത്. സെപ്റ്റംബർ 31-ന് നിർമാണോദ്ഘാടനം നടന്ന പദ്ധതിയുടെ ആദ്യ സ്ഫോടനം മാർച്ച് 6-നാണ് നടന്നത്.
നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലികൾ ക്രമീകരിച്ചിരിക്കുന്നത്. വലതുവശത്തെ തുരങ്കം കൂടുതൽ ദൂരം പിന്നിട്ട
ശേഷം രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ദ്രുതഗതിയിലാക്കാനാണ് പദ്ധതി. തുരങ്കനിർമാണ വേളയിൽ ലഭിക്കുന്ന കല്ലുകൾ സമീപത്ത് തന്നെ സ്ഥാപിച്ചിട്ടുള്ള ക്രഷർ യൂണിറ്റ് വഴി പൊടിച്ച് നിർമാണ ആവശ്യങ്ങൾക്കായി തന്നെ വിനിയോഗിക്കുന്നുണ്ട്.
നിർമാണ സാമഗ്രികളുടെ ഗതാഗതം സുഗമമാക്കുന്നതിനായി ഇരുവഞ്ഞിപ്പുഴയ്ക്ക് മുകളിൽ ഏഴ് മാസം കൊണ്ട് കരാർ കമ്പനി കോൺക്രീറ്റ് പാലം നിർമിച്ചിരുന്നു. ഇതിനാൽ കാലവർഷം ശക്തിപ്പെട്ടാലും തുരങ്കനിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

