തൃശൂർ ജില്ലയിൽ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്നലെ മാത്രം ജില്ലയിൽ നൂറോളം സ്വകാര്യ ബസുകളാണ് സർവീസുകൾ നിർത്തിവെച്ചത്.
ഇതിൽ മോട്ടോർ വാഹന വകുപ്പിന് ജി-ഫോം സമർപ്പിക്കാത്ത ബസുകളും ഉൾപ്പെടുന്നു. ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നത് വരുമാനത്തിലുണ്ടായ ഇടിവാണ്.
കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രാക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇതിനു പുറമെ, ഡീസൽ വിലയിലുണ്ടായ വർധനവും ബസ് വ്യവസായത്തിന് ഇരട്ടി ആഘാതമായി മാറിയിരിക്കുകയാണ്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പല റൂട്ടുകളിലും ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് നൽകാൻ സാധിക്കുന്നത്. ഇത് ജീവനക്കാർ ജോലി ഉപേക്ഷിക്കുമോ എന്ന ആശങ്കയും ഉടമകൾക്കിടയിലുണ്ട്.
സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടും എന്ന പ്രതീക്ഷയിലാണ് ബസുടമകൾ ജി-ഫോം സമർപ്പിക്കാത്തതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.പ്രദീപ് പറഞ്ഞു. നിശ്ചിത കാലയളവിൽ വാഹനം റോഡിലിറക്കുന്നില്ലെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണ് ജി-ഫോം.
ഇത് സമർപ്പിക്കുന്നത് വഴി വാഹനങ്ങളുടെ നികുതി ഒഴിവാക്കാൻ ഉടമകൾക്ക് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

