ജൂൺ മാസത്തിലെ ജിഎസ്ടി സമാഹരണത്തിൽ മികച്ച നേട്ടവുമായി കേരളം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്താൻ സംസ്ഥാനത്തിനായി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ കേരളം കൈവരിച്ചത്. കേരളത്തിനൊപ്പം തുല്യ വളർച്ചാനിരക്കോടെ തെലങ്കാനയും പട്ടികയിൽ മുന്നിലുണ്ട്.
കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2025 ജൂണിൽ സംസ്ഥാനത്തുനിന്നുള്ള ജിഎസ്ടി സമാഹരണം 2850 കോടി രൂപയിൽ നിന്ന് 3159 കോടി രൂപയായി ഉയർന്നു. സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടി വിഹിതവും ഉൾപ്പെടെയുള്ള ആകെ വരുമാനം (പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി) 3090 കോടി രൂപയാണ്.
ഇത് മുൻവർഷത്തെ അപേക്ഷിച്ച് 8 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി വരുമാനത്തിൽ 24 ശതമാനം വർധനവോടെ 9703 കോടി രൂപ സമാഹരിക്കാൻ സാധിച്ചു.
അയൽ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കർണാടക 10 ശതമാനവും ആന്ധ്രാപ്രദേശ് 5 ശതമാനവും വളർച്ച രേഖപ്പെടുത്തിയപ്പോൾ തമിഴ്നാട്ടിൽ 2 ശതമാനം വരുമാന ഇടിവാണ് ഉണ്ടായത്. ദേശീയതലത്തിൽ സാമ്പത്തിക രംഗത്തെ കുതിപ്പിന്റെ പ്രതിഫലനമാണ് ജിഎസ്ടി സമാഹരണത്തിലെ വർധനവ്.
കഴിഞ്ഞ 13 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1.94 ലക്ഷം കോടി രൂപയാണ് രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം. 2025 ജൂണിൽ 1.71 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്താണിത്.
മൊത്തം വരുമാനത്തിൽ 13.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ സിജിഎസ്ടി ഇനത്തിൽ 37,376 കോടി രൂപയും, എസ്ജിഎസ്ടി ഇനത്തിൽ 45,116 കോടി രൂപയും, ഐജിഎസ്ടി ഇനത്തിൽ 1.12 ലക്ഷം കോടി രൂപയുമാണ് സമാഹരിച്ചത്.
പ്രത്യേകിച്ച് ഇറക്കുമതി അധിഷ്ഠിത ജിഎസ്ടി വരുമാനത്തിൽ 34.6 ശതമാനം വർധനയുണ്ടായി 60,038 കോടി രൂപ പിരിച്ചെടുക്കാൻ സാധിച്ചതാണ് ഈ മാസത്തെ വരുമാന കുതിപ്പിന് പ്രധാന കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

