പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം സിലിണ്ടറൊന്നിന് 180 രൂപയാണ് കുറച്ചിരിക്കുന്നത്.
ഇതോടെ കൊച്ചിയിൽ സിലിണ്ടർ വില 3131 രൂപയിൽ നിന്ന് 2951 രൂപയായി കുറഞ്ഞു. കോഴിക്കോട് 2983 രൂപയും, തിരുവനന്തപുരത്ത് 2971.5 രൂപയുമാണ് പുതുക്കിയ നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ബാരലിന് 110 മുതൽ 120 ഡോളർ വരെ ഉയർന്നത് വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂടാതെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ കുടുങ്ങിയത് ഇന്ത്യയിൽ എൽപിജി ക്ഷാമത്തിനും വിതരണ തടസ്സങ്ങൾക്കും കാരണമായി.
ഇതിനെത്തുടർന്ന് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഏകദേശം 1500 രൂപയോളം വർധന വരുത്തിയിരുന്നു. നിലവിൽ ക്രൂഡോയിൽ വില ബാരലിന് 70 ഡോളർ നിലവാരത്തിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് ഇപ്പോൾ നേരിയ കുറവ് രേഖപ്പെടുത്തിയത്.
അതേസമയം, വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കൊച്ചിയിൽ 949 രൂപയും, കോഴിക്കോട് 950.5 രൂപയും, തിരുവനന്തപുരത്ത് 951 രൂപയുമാണ് നിലവിലെ നിരക്ക്.
കഴിഞ്ഞ മാസം ഗാർഹിക സിലിണ്ടറൊന്നിന് 29 രൂപ വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി ഗ്യാസിനെ ആശ്രയിക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ്.
നേരത്തെയുണ്ടായ കുത്തനെ വിലവർധനവ് ഈ മേഖലയെ സാരമായി ബാധിക്കുകയും ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

