കേരളത്തിൽ കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള ആഭ്യന്തര വിമാനയാത്ര എന്ന ലക്ഷ്യത്തോടെ പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അറിയിച്ചു. സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഈ സംരംഭത്തിന് കോ–കേരളം എന്നാണ് പേര് നൽകിയിരിക്കുന്നത്.
സിയാൽ (CIAL) മാതൃകയിൽ രൂപീകരിക്കുന്ന കമ്പനിയുടെ ആസ്ഥാനം നെടുമ്പാശ്ശേരിയായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്ത് കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
ഈ സംരംഭത്തിന്റെ നടത്തിപ്പിനായി സർക്കാർ തലത്തിൽ കമ്പനി രൂപീകരിക്കും. ഇതിൽ മുഖ്യമന്ത്രി ചെയർമാനായും സഹകരണ മന്ത്രി വൈസ് ചെയർമാനായും പ്രവർത്തിക്കും.
സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങൾ രണ്ടു കോടി രൂപ വീതം ഓഹരി എടുത്തുകൊണ്ട് പദ്ധതിയിൽ പങ്കാളികളാകാനാണ് തീരുമാനം. സംസ്ഥാന സർക്കാർ ഈ പദ്ധതിയെ ഏറെ താല്പര്യത്തോടെയാണ് കാണുന്നതെന്ന് സി.എൻ.വിജയകൃഷ്ണൻ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളുമായി തുടങ്ങുന്ന സർവീസ്, തുടർന്ന് നാലായും ആറായും വർദ്ധിപ്പിക്കാനാണ് പദ്ധതി. 3500 രൂപ മുതൽ 7000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്.
അതിവേഗ ട്രെയിനുകൾക്ക് സമാനമായ നിരക്കിൽ വിമാന യാത്ര സാധ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, വിമാന സർവീസിന് അനുബന്ധമായി കുറഞ്ഞ ചെലവിൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും.
യാത്രക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ, സർവീസ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന സംവിധാനവും ടിക്കറ്റിംഗിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി 200 സഹകരണ സംഘങ്ങൾ ഇതിനകം തന്നെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കും. ഭാവിയിൽ മൂന്നാർ, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിൽ ചെറിയ വിമാനത്താവളങ്ങൾ നിർമ്മിച്ച് സർവീസ് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
ഇത് കേരളത്തിന്റെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സി.എൻ.വിജയകൃഷ്ണൻ കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തിൽ തന്നെ 200 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

