സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) പ്രസിഡൻറ് യാസിർ അൽ മിസ്ഹൽ തൻ്റെ ഔദ്യോഗിക പദവിയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഫെഡറേഷന്റെ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം, കാലാവധി പൂർത്തിയാകുന്നതിന് മുൻപേ പദവി ഒഴിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
‘എക്സ്’ പ്ലാറ്റ്ഫോമിലെ തൻ്റെ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ തീരുമാനം പുറത്തുവിട്ടത്. തൻ്റെ ഭരണകാലയളവിൽ സൗദി ഫുട്ബോളിന് ലഭിച്ച മികച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞ അൽ മിസ്ഹൽ, ഇതിന് ഭരണാധികാരികളിൽ നിന്ന് ലഭിച്ച പിന്തുണ നിർണ്ണായകമായിരുന്നുവെന്ന് വ്യക്തമാക്കി.
സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്ക് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. കൂടാതെ, കായിക മന്ത്രിക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു.
തൻ്റെ പദവി ഒഴിയുന്നതിനെക്കുറിച്ച് വിശദീകരിക്കവേ, ദേശീയ ടീം ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാത്തതിലുള്ള നിരാശ അദ്ദേഹം മറച്ചുവെച്ചില്ല. “ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കാത്തതിെൻറ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും, ടീം കൂടുതൽ ഉയരങ്ങളിലെത്താൻ ആഗ്രഹിച്ച മുഴുവൻ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.” ഉത്തരവാദിത്തബോധത്തോടെ പുതിയൊരു നേതൃത്വത്തിന് വഴിമാറിക്കൊടുക്കേണ്ട
സമയമാണിതെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ പിന്മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറേഷന്റെ നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പുതിയ ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
പദവി ഒഴിഞ്ഞാലും ഭാവിയിൽ രാജ്യത്തിന്റെ കായിക മേഖലയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പുതിയ ഭരണസമിതിക്ക് എല്ലാവിധ വിജയങ്ങളും സൗദി ഫുട്ബോളിന് ശോഭനമായ ഭാവിയും അദ്ദേഹം ആശംസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

