ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെച്ച ജർമ്മൻ ട്രാവൽ വ്ലോഗറും ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവുമായ ക്രിസ്റ്റ്യൻ ബെറ്റ്സ്മാൻ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സവിശേഷതകളെ ആസ്പദമാക്കി ഇദ്ദേഹം തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്റെ യാത്രയ്ക്കിടെ ഓരോ സംസ്ഥാനവും നൽകിയ വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ച് ക്രിസ്റ്റ്യൻ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പഞ്ചാബിനെ “ഏറ്റവും നല്ല മതസ്ഥലം” എന്നും, മേഘാലയയെ “ഏറ്റവും നല്ല സാഹസികതകൾ” നിറഞ്ഞ ഇടമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കേരളത്തിലെ ജനങ്ങളെ “ഏറ്റവും നല്ല മനുഷ്യർ” എന്ന് വാഴ്ത്തിയ അദ്ദേഹം, ഗോവയെ “ഏറ്റവും നല്ല സമൂഹം” എന്നും രാജസ്ഥാനിലെ ഭക്ഷണത്തെ “ഏറ്റവും നല്ല ഭക്ഷണം” എന്നും പ്രത്യേകം എടുത്തുപറഞ്ഞു. എങ്കിലും, രാജ്യ തലസ്ഥാനമായ ദില്ലിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
ദില്ലിയെ “ഏറ്റവും മലിനീകരിക്കപ്പെട്ട” സ്ഥലം എന്നാണ് ക്രിസ്റ്റ്യൻ വിശേഷിപ്പിച്ചത്. “ഇന്ത്യയിലെ 20-ലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിന് ശേഷം, എന്റെ സത്യസന്ധമായ റേറ്റിംഗ് ഇതാ!
എങ്കിലും എനിക്ക് വീണ്ടും വീണ്ടും പരാമർശിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്,” എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ഈ അഭിപ്രായപ്രകടനം സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്.
ക്രിസ്റ്റ്യൻ ഇന്ത്യയെ ശരിയായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന് ഒരു ആധാർ കാർഡ് നൽകണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം, ദില്ലിയെക്കുറിച്ചുള്ള പരാമർശത്തെ ചോദ്യം ചെയ്തും, ശൈത്യകാലത്ത് മാത്രം അനുഭവപ്പെടുന്ന മലിനീകരണത്തെ അടിസ്ഥാനമാക്കി ഒരു നഗരത്തെ മൊത്തത്തിൽ വിലയിരുത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയും നിരവധി പേർ രംഗത്തെത്തി.
ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളെക്കുറിച്ചും മറ്റ് സംസ്ഥാനങ്ങളെക്കുറിച്ചും കൂടുതൽ പഠിക്കണമെന്ന നിർദ്ദേശങ്ങളും ഉയരുന്നുണ്ട്. നേരത്തെ, ഇന്ത്യൻ തെരുവ് കച്ചവടക്കാരുടെ പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ട് ഇദ്ദേഹം പങ്കുവെച്ച വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തുടർന്ന് ആ വീഡിയോ പിൻവലിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

