ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനത്തിൽ സുപ്രധാന പരിഷ്കാരങ്ങൾ വരുന്നു.
ജൂലൈ 1 മുതൽ ഈ സംവിധാനത്തിന് കൂടുതൽ അധികാരാവകാശങ്ങൾ നൽകിക്കൊണ്ടാണ് ആർബിഐ ഉത്തരവിറക്കിയിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ വീഴ്ച മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി നിലവിൽ അനുവദിച്ചിരുന്ന 20 ലക്ഷം രൂപയുടെ നഷ്ടപരിഹാര പരിധി 30 ലക്ഷം രൂപയായി വർധിപ്പിച്ചു.
ഇതിനു പുറമെ, സേവനങ്ങളിലെ കാലതാമസം, ഉപഭോക്താവിനുണ്ടാകുന്ന മാനസിക പ്രയാസം തുടങ്ങിയവ പരിഗണിച്ച് അനുവദിക്കുന്ന നഷ്ടപരിഹാരത്തുക 1 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്. പരാതി നൽകേണ്ട
രീതി
ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നൽകുന്ന പരാതികളിൽ 30 ദിവസത്തിനുള്ളിൽ മറുപടി ലഭിക്കാതിരിക്കുകയോ, ലഭ്യമായ മറുപടിയിൽ അതൃപ്തിയുണ്ടാവുകയോ ചെയ്താൽ ഒരു വർഷത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. കേരള ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിലവിൽ ഈ സംവിധാനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
പരാതികൾ cms.rbi.org.in എന്ന വെബ്സൈറ്റ് വഴിയോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കാം. സംശയ നിവാരണത്തിനായി മലയാളം ഉൾപ്പെടെ പത്ത് ഭാഷകളിൽ സേവനം ലഭ്യമാക്കുന്ന ടോൾ ഫ്രീ നമ്പറായ 14448 എന്ന നമ്പറിൽ രാവിലെ 9:45 മുതൽ വൈകിട്ട് 5:15 വരെ ബന്ധപ്പെടാവുന്നതാണ്.
ആഭ്യന്തര ഓംബുഡ്സ്മാന്റെ അധികാരം
ധനകാര്യ സ്ഥാപനങ്ങളിലെ ആഭ്യന്തര ഓംബുഡ്സ്മാൻമാർക്കും നഷ്ടപരിഹാരം വിധിക്കാനുള്ള അധികാരം നൽകിക്കൊണ്ടാണ് പുതിയ പരിഷ്കാരം. ഉപഭോക്താക്കളുടെ പരാതികൾ ബാങ്കുകൾ ഏകപക്ഷീയമായി തള്ളുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടി.
ബാങ്ക് ശാഖകൾക്ക് നേരിട്ട് പരാതികൾ തള്ളാനുള്ള അധികാരം ഉണ്ടാവില്ല. പരാതി ഭാഗികമായി തീർപ്പാക്കുകയോ തള്ളുകയോ ചെയ്യുന്ന സാഹചര്യത്തിൽ, സീനിയർ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം വിഷയം ആഭ്യന്തര ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് എത്തും.
ഇവർ 30 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് മറുപടി നൽകണം. ബാങ്കിന്റെ നടപടിയിൽ പിഴവുണ്ടെങ്കിൽ അത് തിരുത്താനും നഷ്ടപരിഹാരം ശുപാർശ ചെയ്യാനും ഓംബുഡ്സ്മാന് സാധിക്കും.
ഇതിലും തൃപ്തരല്ലെങ്കിൽ ഉപഭോക്താവിന് തുടർനടപടിക്കായി ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം. എന്നാൽ, ആഭ്യന്തര ഓംബുഡ്സ്മാൻ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കില്ല എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

