സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിക്കുമെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ കേന്ദ്രസർക്കാർ തള്ളി. ഇതുസംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണങ്ങൾ പൂർണമായും വ്യാജമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗികമായി അറിയിച്ചു.
ബാങ്ക് ലയനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ തെറ്റായ വിവരങ്ങളാണ് പങ്കുവെക്കുന്നത്. കേന്ദ്രസർക്കാരോ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ, ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് വകുപ്പോ ഇത്തരത്തിൽ യാതൊരുവിധ പ്രഖ്യാപനങ്ങളും നടത്തിയിട്ടില്ല.
പ്രചരിക്കുന്ന ചിത്രങ്ങൾ സർക്കാർ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ളതല്ലെന്നും ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങളുടേതല്ലെന്നും പിഐബി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ഏകീകരിച്ച് എണ്ണം മൂന്നായി കുറയ്ക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിൽ മൂന്ന് വീതം ബാങ്കുകൾ ലയിക്കുമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിലും; ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷനൽ ബാങ്കിലും; യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിലും ലയിപ്പിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ, ഇത്തരം നീക്കങ്ങളൊന്നും നിലവിലില്ലെന്ന് പിന്നീട് ധനമന്ത്രി നിർമല സീതാരാമൻ തന്നെ വ്യക്തമാക്കിയതാണ്.
ആഗോളതലത്തിൽ മുൻനിരയിലുള്ള 30 ബാങ്കുകളുടെ പട്ടികയിൽ നിലവിൽ ഇന്ത്യയിലെ ഒരു പൊതുമേഖലാ ബാങ്കും ഉൾപ്പെട്ടിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ സ്ഥാനം പോലും 40-ന് മുകളിലാണ്.
ഈ സാഹചര്യത്തിൽ ആഗോളതലത്തിൽ മികച്ച 20 ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യയിലെ ബാങ്കുകളെ എത്തിക്കുന്നതിനെക്കുറിച്ച് നേരത്തെ ആലോചനകൾ നടന്നിരുന്നുവെങ്കിലും, നിലവിൽ ഇത്തരമൊരു ലയന നടപടി സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

