മൂലമറ്റം ഫയർ സ്റ്റേഷന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം ഒരു വ്യാഴവട്ടക്കാലമായിട്ടും യാഥാർഥ്യമാകാതെ തുടരുന്നു. 2014-ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ഫയർ സ്റ്റേഷൻ ഇന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നട്ടംതിരിയുകയാണ്.
കെട്ടിട നിർമാണത്തിനായി ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലത്തുള്ള മരങ്ങൾ വെട്ടിമാറ്റാൻ സാധിക്കാത്തതാണ് പ്രധാന തടസ്സമായി നിൽക്കുന്നത്.
വനം വകുപ്പ് മരങ്ങൾക്ക് ആദ്യം 1,80,000 രൂപ വില നിശ്ചയിച്ചിരുന്നു. എന്നാൽ മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും ആരും ലേലത്തിൽ പങ്കെടുക്കാൻ തയ്യാറായില്ല.
നിലവിൽ ഈ തുക 75,000 രൂപയായി കുറച്ചിട്ടുണ്ട്. മരങ്ങൾ നീക്കം ചെയ്ത ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാധിക്കൂ.
എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായി നിർമാണം ആരംഭിച്ചാലും പൂർത്തീകരണത്തിന് ഇനിയും ഏറെ കാലതാമസമെടുക്കും. കെ.എസ്.ഇ.ബി കൈമാറിയ 99 സെന്റ് സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിനായുള്ള രൂപരേഖ തയ്യാറായിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. നിലവിൽ വൈദ്യുതി വകുപ്പിന്റെ പഴയൊരു ഗോഡൗണിലാണ് സ്റ്റേഷന്റെ പ്രവർത്തനം.
തകര ഷീറ്റ് മേഞ്ഞ ഈ കെട്ടിടത്തിൽ ഉദ്യോഗസ്ഥർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വായുസഞ്ചാരമില്ലാത്ത ഈ കെട്ടിടത്തിൽ വേനൽക്കാലത്ത് കഠിനമായ ചൂടും, മഴക്കാലത്ത് മേൽക്കൂരയിലൂടെ ചോർച്ചയും ഉണ്ടാകുന്നു.
ശക്തമായ കാറ്റിൽ ഷീറ്റുകൾ പറന്നുപോകുന്ന സാഹചര്യവുമുണ്ട്. പൊടിശല്യം കാരണം ജീവനക്കാരിൽ അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പടരുന്നതായി പരാതിയുണ്ട്.
ഇതേത്തുടർന്ന് പലപ്പോഴും പുറത്തെ മരച്ചുവട്ടിലാണ് ഉദ്യോഗസ്ഥർ വിശ്രമിക്കുന്നത്. കംപ്യൂട്ടർ, പ്രിന്റർ തുടങ്ങിയ പ്രധാനപ്പെട്ട
ഉപകരണങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടി സംരക്ഷിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ.
ഒരു ഹാളിനുള്ളിൽ ഓഫിസ്, വിശ്രമമുറി, കംപ്യൂട്ടർ റൂം, അടുക്കള എന്നിവ ക്രമീകരിച്ചിരിക്കുന്നതിനാൽ പ്രവർത്തനങ്ങൾ ഏറെ ദുഷ്കരമാണ്. അടിയന്തരമായി പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം നാട്ടുകാരും ജീവനക്കാരും ഉന്നയിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

