ഇംഗ്ലണ്ടിലെ സഫോക്കിലുള്ള ബാവ്ഡ്സി തീരത്ത് നിന്ന് അത്യപൂർവ്വമായ ഒരു ഫോസിൽ കണ്ടെത്തി. 11 വയസ്സുകാരനായ ചാർലി ഓർച്ചാർഡ്-ലിസ്ലെ തന്റെ മാതാവായ എലീനർക്കൊപ്പം ബീച്ചിൽ നടക്കവെയാണ് ചരിത്രപരമായ ഈ വസ്തു ലഭിച്ചത്.
മെയ് 24-ന് ഈസ്റ്റ് ലെയ്ൻ ബീച്ചിലൂടെ നടക്കുമ്പോഴാണ് ഈ കണ്ടെത്തൽ ഉണ്ടായത്. തനിക്ക് ആനകളോട് വലിയ താൽപ്പര്യമാണെന്ന് അമ്മയോട് പറഞ്ഞ് കേവലം 10 മിനിറ്റിനുള്ളിലാണ് ഈ അത്ഭുതകരമായ സംഭവം നടന്നതെന്ന് എലീനർ ഓർക്കുന്നു.
നടക്കവെ ശ്രദ്ധയിൽപ്പെട്ട കല്ല് പോലുള്ള വസ്തു കൈപ്പത്തിയുടെ വലിപ്പമുള്ളതും സാധാരണ കല്ലുകളിൽ നിന്ന് വ്യത്യസ്തവുമായിരുന്നു.
തുടർന്ന് ഇവർ ഈ വസ്തുവിന്റെ ചിത്രങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചു നൽകുകയായിരുന്നു. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയന്റോളജി റിസർച്ച് ലീഡറായ പ്രൊഫസർ അഡ്രിയാൻ ലിസ്റ്റർ ഈ വസ്തു പരിശോധിക്കുകയും, ഇത് വംശനാശം സംഭവിച്ച അനൻകസ് അർവെർനെൻസിസ് (Anancus arvernensis) എന്ന ജീവിയുടെ മുകളിലെ ഇടത് താടിയെല്ലിലെ അണപ്പല്ലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നത്തെ ആഫ്രിക്കൻ ബുഷ് ആനകൾ ഉൾപ്പെടെയുള്ള ആധുനിക ആനകളുടെ പൂർവ്വിക വർഗ്ഗത്തിൽപ്പെട്ടവയാണ് ഇവ. ഏകദേശം 85 ലക്ഷം മുതൽ 20 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഇവയ്ക്ക് തോളൊപ്പം മാത്രം 8 അടിയിലധികം ഉയരമുണ്ടായിരുന്നു.
ഏകദേശം 4 ഇഞ്ച് വീതിയുള്ള ഈ പല്ലിന്റെ ഇനാമൽ, ഇത്രയും കാലം മണ്ണിൽ കിടന്നിട്ടും കേടുപാടുകൾ കൂടാതെ ഇരിക്കുന്നത് ശാസ്ത്രലോകത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ബാവ്ഡ്സിയിലെ ഫോസിലുകളാൽ സമ്പന്നമായ ‘റെഡ് ക്രാഗ്’ പാറയിടുക്കുകളിൽ വർഷങ്ങളായി അടക്കം ചെയ്യപ്പെട്ടിരുന്ന ഈ പല്ല്, തീരശോഷണം മൂലം മൺപാളികളിൽ നിന്ന് വേർപെട്ട് തിരമാലകളിലൂടെ തീരത്തെത്തിയതാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
പതിനെട്ട് ലക്ഷം വർഷം പഴക്കമുള്ള ഒരു വസ്തു അപ്രതീക്ഷിതമായി കടൽത്തീരത്ത് നിന്ന് കണ്ടെത്താനായത് വിശ്വസിക്കാനാവുന്നില്ലെന്ന് എലീനർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

