ജില്ലാക്കോടതി പാലം പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ വരുന്നു. പദ്ധതിയുടെ ഭാഗമായി തെക്കേക്കരയിൽ ആലുക്കാസ് മുതൽ മുല്ലയ്ക്കൽ വരെയുള്ള റോഡിൽ ചൊവ്വാഴ്ച (30) മുതൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചു.
കാൽനടയാത്രക്കാർക്കായി ഒരു മീറ്റർ വീതിയിൽ പ്രത്യേക നടപ്പാത മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രധാന നിർമാണ പ്രവർത്തനങ്ങൾ
ആലുക്കാസ് മുതൽ മുല്ലയ്ക്കൽ മഞ്ജുള ബേക്കറി വരെയുള്ള ഭാഗങ്ങളിൽ ഓട
നിർമാണം, സംരക്ഷണ ഭിത്തി നിർമാണം, സർവീസ് റോഡ് നിർമാണം എന്നിവയാണ് നടക്കുന്നത്. ഓണത്തിന് മുൻപായി ഓടയുടെയും സംരക്ഷണ ഭിത്തിയുടെയും നിർമാണം പൂർത്തിയാക്കി സർവീസ് റോഡിന്റെ പണികൾ ആരംഭിക്കാനാണ് കെആർഎഫ്ബി ലക്ഷ്യമിടുന്നത്.
ഈ ഘട്ടത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ജൂലൈ 18 മുതൽ കെഎസ്ആർടിസി വാഹനങ്ങൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതാണ്.
ഗതാഗത വഴിമാറ്റം സംബന്ധിച്ച വിശദാംശങ്ങൾ: കെഎസ്ആർടിസി, സ്വകാര്യ ബസുകൾ (തണ്ണീർമുക്കം ഭാഗത്തുനിന്ന്): കൈചൂണ്ടി മുക്കിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കൊമ്മാടി പാലത്തിന്റെ കിഴക്കേക്കര, എഎസ് കനാലിന്റെ കിഴക്കേക്കര, മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി വഴിച്ചേരി മാർക്കറ്റ് ജംക്ഷനിലെത്തണം. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പിച്ചു അയ്യർ, എവിജെ ജംക്ഷൻ വഴി പഴവങ്ങാടി ജംക്ഷനിൽ എത്തി, ഔട്ട് പോസ്റ്റ് വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവേശിക്കണം.
ആലപ്പുഴയിൽ നിന്ന് തണ്ണീർമുക്കം ഭാഗത്തേക്ക്: ചുങ്കം വഴി തോടിന്റെ വടക്കേക്കരയിലൂടെ ഇരുമ്പുപാലം ജംക്ഷനിലെത്തി വലത്തോട്ട് തിരിയണം. വൈഎംസിഎ പാലം വഴി മട്ടാഞ്ചേരി പാലം കയറാതെ എഎസ് കനാലിന്റെ കിഴക്കേക്കരയിലൂടെ കൈചൂണ്ടി ജംക്ഷനിലെത്തി യാത്ര തുടരണം.
തെക്ക് ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ: ഇരുമ്പുപാലം, വൈഎംസിഎ വഴി സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിച്ചേരേണ്ടതാണ്. എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: വഴിച്ചേരി പാലം വഴി നഗരത്തിൽ പ്രവേശിച്ച് വഴിച്ചേരി മാർക്കറ്റ് ജംക്ഷൻ, പിച്ചു അയ്യർ, എവിജെ ജംക്ഷൻ, പഴവങ്ങാടി ജംക്ഷൻ വഴി ഔട്ട് പോസ്റ്റിലെത്തി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്താം.
ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക്: ചുങ്കം വഴി തോടിന്റെ വടക്കേക്കരയിലൂടെ ഇരുമ്പുപാലം ജംക്ഷനിലെത്തി, അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് വൈഎംസിഎ ജംക്ഷൻ വഴി പോകണം. പുന്നമടയിലേക്കുള്ള വാഹനങ്ങൾ: പൊലീസ് ഔട്ട്പോസ്റ്റിന് സമീപമുള്ള പുതിയ ഡീവിയേഷൻ റോഡ് വഴി പുന്നമടയിലേക്ക് യാത്ര ചെയ്യാം.
മടങ്ങിവരുന്ന വാഹനങ്ങൾ ഡീവിയേഷൻ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡ്, ചുങ്കം, കല്ലുപാലം വഴി പോകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

