ബിഎസ്6 (BS6) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് അഥവാ പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിൽ ഓരോ വർഷവും പിയുസി പുതുക്കേണ്ട
അവസ്ഥയ്ക്ക് മാറ്റം വരുത്തിക്കൊണ്ട് ഉടമകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനാണ് നീക്കം. പഴയ മോഡൽ വാഹനങ്ങളെ അപേക്ഷിച്ച് ബിഎസ്6 വാഹനങ്ങൾ പരിസ്ഥിതിക്ക് കുറഞ്ഞ അളവിൽ മാത്രമേ മലിനീകരണം സംഭാവന ചെയ്യുന്നുള്ളൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം, ആറ് വർഷത്തിൽ താഴെ പഴക്കമുള്ള ബിഎസ്6 വാഹനങ്ങളുടെ പിയുസി സർട്ടിഫിക്കറ്റിന് ഇനി മുതൽ മൂന്ന് വർഷത്തെ കാലാവധി ലഭിക്കും. അതേസമയം, ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള ബിഎസ്6 സ്വകാര്യ വാഹനങ്ങളുടെ പിയുസി എല്ലാ വർഷവും പുതുക്കേണ്ടതുണ്ട്.
പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആറ് മാസത്തിലൊരിക്കൽ പുതിയ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. ഈ ഇളവുകൾ ബിഎസ്6 സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത.
ഇതിനുപുറമെ, ആറ് വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ പിയുസി സാധുത രണ്ട് വർഷമായി ഉയർത്താനും നിർദ്ദേശമുണ്ട്. മലിനീകരണ പരിശോധന കർശനമാക്കുന്നു
പുക പരിശോധനാ കേന്ദ്രങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ തടയുന്നതിനായി നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ പദ്ധതിയിടുന്നു.
തെറ്റായ റീഡിംഗുകൾ ഒഴിവാക്കിക്കൊണ്ട് സുതാര്യത ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. രാജ്യം ഇലക്ട്രിക് വാഹന (ഇവി) നയത്തിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകാനും, പഴയതും മലിനീകരണം അധികമുള്ളതുമായ വാഹനങ്ങളെ റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിനായി സ്ക്രാപ്പേജ് ബോണസ് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാർ തയ്യാറെടുക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ നിയന്ത്രണങ്ങൾ
വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ഒക്ടോബർ 1 മുതൽ ഉത്തർപ്രദേശിലെ എൻസിആർ പരിധിയിൽ വരുന്ന എട്ട് ജില്ലകളിൽ കർശന നിയമങ്ങൾ നടപ്പിലാക്കുന്നു. ഇവിടുത്തെ പെട്രോൾ പമ്പുകളിൽ പിയുസി സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
ഗൗതം ബുദ്ധ നഗർ (നോയിഡ), ഗാസിയാബാദ്, ഹാപൂർ, ബുലന്ദ്ഷഹർ, മീററ്റ്, മുസാഫർനഗർ, ബാഗ്പത്, ഷാംലി എന്നീ ജില്ലകളിലാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

