2026 ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബ്രസീലിനോട് 2-1 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ജപ്പാന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമായി. മത്സരഫലം ജപ്പാന് തിരിച്ചടിയായെങ്കിലും, കളിക്കളത്തിൽ ജപ്പാൻ താരങ്ങളും പരിശീലകനും കാഴ്ചവെച്ച മാതൃകാപരമായ പെരുമാറ്റം ഫുട്ബോൾ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കെയ്ഷു സാനോയിലൂടെ ലീഡ് നേടിയ ജപ്പാൻ, ലോകഫുട്ബോളിലെ കരുത്തരായ ബ്രസീലിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ കാസമിറോയിലൂടെ ബ്രസീൽ സമനില പിടിച്ചു.
മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോൾ ബ്രസീലിന് വിജയം സമ്മാനിച്ചു. ഇതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ആദ്യ ജയം എന്ന ജപ്പാന്റെ ലക്ഷ്യം ഈ വർഷവും അപ്രാപ്യമായി.
മത്സരം അവസാനിച്ച ഉടൻ തന്നെ പരിശീലകൻ ഹാജിമെ മൊറിയാസു താരങ്ങളെ മൈതാനമധ്യത്തിൽ ഒന്നിച്ചുചേർത്തു. ചെറിയൊരു സംസാരത്തിന് ശേഷം, ടീമിനെ പിന്തുണയ്ക്കാൻ എത്തിയ ജപ്പാൻ ആരാധകർക്ക് മുന്നിലേക്ക് അദ്ദേഹം നടന്നു.
വികാരാധീനനായിരുന്ന മൊറിയാസു ആരാധകർക്ക് മുൻപിൽ തലകുനിച്ച് വണങ്ങി. അദ്ദേഹത്തെ പിന്തുടർന്ന് കളിക്കാരും ആരാധകർക്ക് നന്ദി പ്രകടിപ്പിച്ചു.
പരാജയത്തിന്റെ വേദനയിലും കൂടെനിന്നവരോട് കാണിച്ച ഈ വിനയം ഫുട്ബോൾ പ്രേമികൾ വലിയ കയ്യടികളോടെയാണ് സ്വീകരിച്ചത്. സ്കോർബോർഡിലെ ഫലത്തിനപ്പുറം തങ്ങളുടെ പോരാട്ടവീര്യവും സംസ്കാരവും കൊണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടംപിടിക്കാൻ ജപ്പാൻ ടീമിന് സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

