അയോധ്യ രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം.
എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
“ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ല, എന്താണിത്ര തിടുക്കം” എന്ന് കോടതി വാക്കാൽ ചോദിച്ചു. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.
സിബിഐയുടെ നേതൃത്വത്തിലുള്ള മൾട്ടി-ഡിസിപ്ലിനറി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) വഴി ഈ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം, സംഭവത്തിൽ അന്വേഷണ പുരോഗതി തുടരുകയാണ്.
ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ വിശദമായ മൊഴിയാണ് സംഘം രേഖപ്പെടുത്തിയത്.
കൂടാതെ, ട്രസ്റ്റ് അംഗമായിരുന്ന അനിൽ മിശ്ര, ട്രസ്റ്റുമായി ബന്ധമുള്ള ഗോപാൽ റാവു എന്നിവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴികളും അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം ശേഖരിച്ചിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെ വീടുകളിലടക്കം പത്തിടങ്ങളിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇതിൽനിന്ന് കരാർ രേഖകൾ, ബാങ്ക് പാസ്ബുക്കുകൾ, സ്വർണാഭരണങ്ങൾ വാങ്ങിയ ബില്ലുകൾ എന്നിവ കണ്ടെടുത്തതായാണ് വിവരം.
സംഭാവന തട്ടിപ്പിൽ ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ ബാങ്കുകൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, വിഷയത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് മേധാവി അലോക് കുമാർ വ്യക്തമാക്കി. അഖിലേഷ് യാദവ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തള്ളിക്കളഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

