തളിപ്പറമ്പ് കീഴാറ്റൂരിൽ ദേശീയപാത വികസനത്തിനായി നെൽവയൽ ഏറ്റെടുക്കുന്നതിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ 28 പ്രതികളെയാണ് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തരാക്കിയത്. 2018 മാർച്ച് 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കീഴാറ്റൂരിൽ വയൽ നികത്തുന്നതിനായി സ്ഥലം അളക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടയുകയായിരുന്നു. സമരസമിതി നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി.
മനോഹരൻ, നോബിൽ എം. പൈകട എന്നിവരുൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.
ഇവർ പെട്രോൾ നിറച്ച കുപ്പികളുമായി ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചെന്നാരോപിച്ചാണ് പോലീസ് കേസെടുത്തത്. ആകെ 49 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും 28 പേരാണ് വിചാരണ നേരിട്ടത്.
നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഉദ്യോഗസ്ഥരെ തടയൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമായിരുന്നു ഇവർക്കെതിരെ കേസുകൾ ചുമത്തിയിരുന്നത്. എന്നാൽ, കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.
ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെ ‘വയൽക്കിളികൾ’ എന്ന പേരിൽ നാട്ടുകാർ നടത്തിയ പ്രക്ഷോഭം സംസ്ഥാനതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് സമരക്കാരെ പിന്തിരിപ്പിക്കുകയും ഈ ഭാഗത്ത് വയൽ നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

