ചങ്ങനാശേരിയിലെ പറാലിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽ കാഴ്ചകൾ സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നു. കടമ്പാടം – ചേരിക്കലകം പാടശേഖര സമിതിയുടെയും പറാൽ വടക്കുംഭാഗം വൈബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണത്തെ ആമ്പൽ വസന്തം സംഘടിപ്പിച്ചിരിക്കുന്നത്.
ഏകദേശം 355 ഏക്കർ വിസ്തൃതിയുള്ള പറാൽ കടമ്പാടം പാടശേഖരമാണ് ഈ മനോഹരമായ കാഴ്ചയുടെ കേന്ദ്രസ്ഥാനം. ദിവസവും രാവിലെ 6 മുതൽ 8 വരെയുള്ള സമയത്താണ് ആമ്പൽ പൂക്കൾ പൂർണ്ണമായി വിരിഞ്ഞുനിൽക്കുന്നത്.
ഈ സമയത്ത് പാടശേഖരത്തിലെത്തുന്നത് കൂടുതൽ ദൃശ്യഭംഗി നൽകും. ആമ്പൽപ്പാടങ്ങളിലൂടെ നേരിട്ട് സഞ്ചരിക്കാൻ വള്ളങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഒരാൾക്ക് 100 രൂപയാണ് ഇതിനായുള്ള നിരക്ക്. കൂടാതെ, 20 പേർക്ക് വരെ ഒരേസമയം സഞ്ചരിക്കാവുന്ന ചെറിയ ജങ്കാറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജങ്കാറിലെ യാത്രയ്ക്ക് പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. യാത്രാ മാർഗ്ഗം ചങ്ങനാശേരി മാർക്കറ്റ് റോഡ് വഴി വണ്ടിപ്പേട്ടയിലെത്തി പറാൽ – കുമരങ്കരി റോഡിലേക്ക് പ്രവേശിക്കുക.
അവിടെനിന്ന് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പറാലിലെത്താം. പറാൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തോട് ചേർന്നുള്ള ആറാട്ടുകടവിലേക്കുള്ള കോൺക്രീറ്റ് റോഡ് വഴി ഒരു കിലോമീറ്റർ കൂടി യാത്ര ചെയ്യണം.
ക്ഷേത്രത്തിന് സമീപത്തുനിന്നുള്ള പാത വീതി കുറഞ്ഞതായതിനാൽ ഇരുചക്രവാഹനങ്ങളിൽ എത്തുന്നതാണ് കൂടുതൽ സൗകര്യപ്രദം. കാറുകളിൽ എത്തുന്നവർക്ക് ക്ഷേത്രത്തിന് സമീപത്തുനിന്ന് ഓട്ടോറിക്ഷാ സൗകര്യം ലഭ്യമാണ്.
നിലവിൽ പ്രദേശത്ത് ഭക്ഷണശാലകളോ കടകളോ പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതിനാൽ, സഞ്ചാരികൾ ആവശ്യത്തിന് കുടിവെള്ളം കൈവശം കരുതുന്നത് നന്നായിരിക്കും. പരിസ്ഥിതി സൗഹൃദമായ കാഴ്ചകൾ ആസ്വദിക്കുമ്പോൾ നാട്ടുകാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, മാലിന്യങ്ങൾ വലിച്ചെറിയാതെ പ്രദേശം വൃത്തിയായി സൂക്ഷിക്കണമെന്നും സംഘാടകർ അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

