2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡലങ്ങളിൽ നേരത്തെ തന്നെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ബിജെപി നീക്കം. ഓരോ മണ്ഡലത്തിന്റെയും ചുമതല വഹിക്കുന്നതിനായി പ്രഭാരിമാരെ നിയമിച്ച് പാർട്ടി രംഗത്തിറങ്ങുകയാണ്.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം യാഥാർത്ഥ്യമാവുകയാണെങ്കിൽ 2029ൽ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാൻ സാധ്യതയുള്ളതിനാൽ, നിയമസഭാ മണ്ഡലങ്ങൾക്കും ഇതിനോട് അനുബന്ധിച്ച് പ്രഭാരിമാരെ നിശ്ചയിക്കാനാണ് തീരുമാനം. വിവിധ മണ്ഡലങ്ങളിലെ നിർദിഷ്ട
പ്രഭാരിമാരുടെ പട്ടികയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയിലേക്ക് മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം മണ്ഡലത്തിൽ നിലവിലെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഭാരിയായി ചുമതലയേൽക്കാനാണ് സാധ്യത. മറ്റ് മണ്ഡലങ്ങളിലെ പരിഗണനാ പട്ടികയും തയ്യാറായിട്ടുണ്ട്.
പത്തനംതിട്ടയിൽ അനൂപ് ആന്റണിയെയും, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി എന്നിവരെയും ചുമതലപ്പെടുത്തിയേക്കും. കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ചാത്തന്നൂർ എംഎൽഎ ബി.ബി.ഗോപകുമാർ പ്രഭാരിയായേക്കുമെന്നും സൂചനകളുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പ്രഭാരിമാരെ ഔദ്യോഗികമായി നിശ്ചയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ചുമതലയേറ്റ ശേഷം ഇവർ മണ്ഡലങ്ങളിൽ പൂർണ്ണസമയം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തും.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേതാക്കൾ മണ്ഡലം മാറി മത്സരിച്ചത് പരാജയത്തിന് കാരണമായെന്ന് കോർ കമ്മിറ്റി യോഗങ്ങളിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ദീർഘകാലാടിസ്ഥാനത്തിൽ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നതിനായി ഇപ്പോൾ തന്നെ പ്രഭാരിമാരെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

