തൃശൂർ: കുന്നംകുളത്ത് ലഹരിവസ്തുക്കളുടെ വിതരണത്തെ എതിർത്ത പിതാവിനെ മകൻ ക്രൂരമായി മർദിച്ചു. വടക്കേതലക്കൽ വീട്ടിൽ സൈമൺ (77) ആണ് മകൻ ജോബിയുടെ മർദനത്തിന് ഇരയായത്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഹാൻസ് പോലുള്ള ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിനെ സൈമൺ നിരന്തരം എതിർത്തിരുന്നു. കഴിഞ്ഞദിവസം 600 പാക്കറ്റ് ഹാൻസുമായി ജോബിയെ കുന്നംകുളം പോലീസ് പിടികൂടിയിരുന്നു.
ലഹരി വിൽപനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരി ഇടപാടുകൾ തുടർന്നുവരികയായിരുന്നു. വീണ്ടും ലഹരി വിൽപനയിൽ ഏർപ്പെടുന്നത് കണ്ട
പിതാവ് ഇത് തടയാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ആക്രമണത്തിൽ സൈമൺന്റെ നെഞ്ചിൽ ചവിട്ടുകയും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ വാർഡ് കൗൺസിലർ റീജ സലിൽന്റെ നേതൃത്വത്തിലാണ് പരിക്കേറ്റ സൈമൺനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ സൈമൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നേരത്തെയും മകൻ മർദിച്ചതിനെ തുടർന്ന് സൈമൺ തൃശൂർ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച ജില്ലാ കലക്ടർ, പിതാവിനെ മർദിക്കരുതെന്ന് കർശന നിർദേശം നൽകുകയും പ്രതിമാസം 3,000 രൂപ സൈമൺന് നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ഈ ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും അതിക്രമം അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

